രണ്ട് ദിവസമായി സ്ലാബിനടിയിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു; ദുരൂഹതയുള്ളതായി പൊലീസ്

കോഴിക്കോട്: രണ്ട് ദിവസമായി ഫുട്പാത്തിന് താഴെയുള്ള ഓടയിൽ അകപ്പെട്ടുപോയ അന്യസംസ്ഥാന തൊഴിലാളിയെ പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. ഇന്ന് രാവിലെ പത്തരയോടെ കോഴിക്കോട് പുഷ്പ ജംഗ്ഷനിലാണ് സംഭവം. സ്ലാബിന് വശത്തുള്ള ദ്വാരത്തിലൂടെ ഇയാൾ കൈ പുറത്തിട്ടത് നാട്ടുകാർ കണ്ടതോടെ ബീച്ചിലെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
ചെമ്മങ്ങാട് പൊലീസും ഫയർഫോഴ്സും ചേർന്ന് സ്ലാബ് പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്. ശേഷം ഇയാളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ടുദിവസമായി ഓടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് രക്ഷപ്പെട്ടയാൾ പറഞ്ഞു. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ഫയർഫോഴ്സും പൊലീസും നാട്ടുകാരും പറയുന്നത്. സമീപത്തൊന്നും ഓടയിലേക്ക് ഇറങ്ങാനോ വീണുപോകാനോ സാദ്ധ്യതയുള്ള മാൻഹോൾ ഇല്ല. ഓടയുടെ മുകൾഭാഗം മുഴുവൻ സ്ലാബിട്ട് മൂടിയിട്ടുമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് പറഞ്ഞു.
Source link
NEWS


