വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ്; വയനാട്ടിൽ നാളെ റെഡ് അലേർട്ട്, മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ

വയനാട്: കാലവർഷം കനക്കുന്ന പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെയും മറ്റന്നാളും തുറക്കാൻ പാടില്ലെന്നാണ് നിർദേശം. റിസോർട്ടുകളും ഹൊംസ്റ്റേകൾക്കും നിയന്ത്രണം ബാധകമാണ്.
വയനാട്ടിൽ ഇന്ന് ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ഏഴ് ജില്ലകളിൽ കൂടി ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
മഴയെത്തുടർന്ന് സംസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കിഴക്കൻ മേഖലയിൽ പകൽ മുഴുവൻ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടു. രാവിലെ തുടങ്ങിയ മഴ രാത്രി വൈകിയും തുടർന്നു. വരും ദിവസങ്ങളിൽ കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ മഴ തുടർന്നേക്കും. ഇന്നലെ പെയ്ത കനത്ത മഴയിലും കാറ്റിലും പുനലൂരിൽ വീടിന് മുകളിൽ തെങ്ങ് പിഴുതുവീണ് നാശനഷ്ടമുണ്ടായി. പുനലൂർ അഷ്ടമംഗലം ഗിരിജ ഭവനിൽ മാധവനാചാരിയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് കടപുഴകിയത്. മേൽക്കൂരയിലെ ഓടുകളും ആസ്ബറ്റോസ് ഷീറ്റുകളും തകർന്നു.
Source link
NEWS


