NEWS
ട്രെയിൻ യാത്രക്കാരുടെ സൗകര്യം നോക്കിയില്ല; ഒഴിഞ്ഞു കിടന്നത് 765 ബെർത്തുകൾ: മധുര ഡിവിഷനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം ∙ യാത്രക്കാർക്കു പ്രയോജമില്ലാത്ത സമയത്ത് ട്രെയിനോടിച്ചതു മൂലം കാലിയായി കിടന്നത് 765 സീറ്റുകൾ. ഇന്ന് തിരുവനന്തപുരത്തു നിന്നു പഴനി വഴി പോത്തന്നൂരിലേക്ക് (കോയമ്പത്തൂർ) ഒാടിച്ച സ്പെഷൽ ട്രെയിനാണ് വഴിപാടായി മാറിയത്. സ്ലീപ്പറിൽ 306 ബെർത്തുകളും വിവിധ എസി ക്ലാസുകളിലായി 459 ബെർത്തുകളുമാണ് ഒഴിവുണ്ടായിരുന്നത്. തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടിയതോടെ പഴനിയിലേക്കു ടിക്കറ്റ് കിട്ടാനില്ലെന്ന പരാതി പരിഹരിക്കാനാണ് പഴനിയിലേക്കു ദൂരം കുറഞ്ഞ കൊല്ലം, ചെങ്കോട്ട വഴി ട്രെയിൻ ഒാടിക്കണമെന്ന് എംപിമാരായ കൊടിക്കുന്നിൽ സുരേഷും എൻ.കെ.പ്രേമചന്ദ്രനും ആവശ്യമുന്നയിച്ചത്. ഇത് പരിഗണിച്ചാണ് 2 സർവീസുകൾ അനുവദിച്ചത്.തിരുവനന്തപുരം നോർത്ത്–പോത്തന്നൂർ സ്പെഷൽ ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് പോത്തന്നൂരിലെത്തുന്ന സമയക്രമമാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. പുലർച്ചെ നാലിനാണ് പഴനിയിലെത്തുക, എന്നാൽ രാത്രി 8.30ന് പുറപ്പെടുന്ന അമൃത എക്സ്പ്രസ് രാവിലെ 6.50നു പഴനിയിലെത്തും. ദൂരം കൂടിയ റൂട്ടിലൂടെ (488 കിമീ) പോകുന്ന ട്രെയിൻ പത്തര മണിക്കൂറിൽ പഴനി എത്തുമെങ്കിൽ ദൂരം കുറഞ്ഞ (451 കിമീ) റൂട്ടിലൂടെ പോകുന്ന സ്പെഷൽ ട്രെയിനിന് പഴനിയിലെത്താൻ 15 മണിക്കൂർ വേണമെന്നതാണ് വൈരുധ്യം. സ്പെഷൽ പ്രഖ്യാപിച്ചപ്പോൾ തന്നെ സമയക്രമം സംബന്ധിച്ചു പരാതി ഉയർന്നിരുന്നു.
Source link


