BUSINESS

ഇവിടെ 20,000 രൂപ; വിദേശത്ത് മിനിമം രണ്ടരലക്ഷം, ഇന്ത്യൻ നഴ്സുമാർ പറക്കുന്നു, ഇന്ത്യയിൽ ക്ഷാമം!


ലോക ആരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ലോകത്ത് 1000 പേരെ പരിചരിക്കാൻ 3 നഴ്സുമാർ വീതമേയുള്ളൂ. ഇന്ത്യയിലേക്ക് എത്തുമ്പോൾ ആശങ്ക അൽപംകൂടി കടുക്കും. 1000 പേർക്ക് ശരാശരി 2 നഴ്സുമാരേ ഇന്ത്യയിലുള്ളൂവെന്ന് അസോസിയേഷൻ ഓഫ് നഴ്സ് എക്സിക്യൂട്ടീവ് ഇന്ത്യ (എഎൻഇഐ) അടുത്തിടെ വ്യക്തമാക്കിയിരുന്നു.എന്തുകൊണ്ടാണ് ഇന്ത്യയിൽ നഴ്സുമാരുടെ കുറവ്? കുറഞ്ഞ വേതനമാണ് പ്രധാന വില്ലൻ. മികച്ച യോഗ്യതയും വൈദഗ്ധ്യവുമുള്ള നഴ്സുമാർ വിദേശത്തേക്ക് പറക്കുന്നു. വിദേശത്താകട്ടെ അവരെ കാത്തിരിക്കുന്നത് വൻ തൊഴിലവസരങ്ങളും സ്വപ്നതുല്യമായ വേതനവും.ഇന്ത്യയിൽ 20,000 രൂപ മുതൽ 40,000 രൂപവരെയാണ് നഴ്സുമാർക്ക് തുടക്കത്തിൽ ലഭിക്കുന്ന ശമ്പളം. യുഎഇയിലും ജർമനിയിലും ഇറ്റലിയിലും മറ്റും ഇത് രണ്ടരലക്ഷം മുതൽ 11 ലക്ഷം രൂപവരെയൊക്കെയാണ്. നഴ്സുമാരുടെ ക്ഷാമം നേരിടുന്ന സ്വിറ്റ്സർലൻഡ് വിദേശ നഴ്സുമാർക്ക് 1.23 ലക്ഷം ഡോളർ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 11 ലക്ഷം രൂപ. ലക്സംബർഗ്, ഡെന്മാർക്ക്, ഓസ്ട്രേലിയ, നോർവേ, യുഎഇ, കാനഡ, അയർലൻഡ്, ഇറ്റലി, ജർമനി തുടങ്ങിയവയും ലക്ഷങ്ങളുടെ ശമ്പളം വാഗ്ദാനം ചെയ്യുന്നു. ജർമനി അടുത്തിടെ നഴ്സുമാർ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രഫഷണലുകൾക്ക് തൊഴിൽ വീസയിൽ മികച്ച ഇളവുകൾ വാഗ്ദാനം ചെയ്തിരുന്നു. യുഎസ്, ബെൽജിയം, മാൾട്ട തുടങ്ങിയ രാജ്യങ്ങളും നഴ്സുമാരുടെ കുറവ് വലിയതോതിൽ നേരിടുന്നുണ്ട്. ഇവയെല്ലാം വിദേശ നഴ്സുമാർക്ക് ആകർഷക ശമ്പളവും വാഗ്ദാനം ചെയ്യുന്നു. ചില രാജ്യങ്ങൾ കൂടുതൽ നഴ്സുമാരെ ആകർഷിക്കാനായി ഭാഷ ചട്ടത്തിലും ഇളവുകൾ നൽകുന്നുണ്ട്. മികച്ച തൊഴിൽ നൈപുണ്യം, ഭാഷാപ്രാവീണ്യം തുടങ്ങിയ മികവുകളാണ് ഇന്ത്യൻ നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ഈ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്. അതേസമയം, ഇറ്റലി പോലുള്ള രാജ്യങ്ങളിൽ ഇന്ത്യൻ നഴ്സുമാർക്ക് ഫിലിപ്പീനോ നഴ്സുമാരും മറ്റും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. അടുത്തിടെ വലിയതോതിൽ നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ഇറ്റലിയും ഫിലിപ്പീൻസും തമ്മിൽ ധാരണയിലെത്തിയിരുന്നു.


Source link

Back to top button