FASHION
142 കോടിയുടെ നെക്ലേസ്, 3500 മണിക്കൂറെടുത്ത് നിർമിച്ച വസ്ത്രം; മെറ്റ് ഗാലയിൽ താരമായി ഇന്ത്യൻ വ്യവസായി

മെറ്റ്ഗാലയിലെ (Met Gala 2026) റെഡ് കാർപ്പറ്റിലേക്കാണ് ഇപ്പോൾ ഫാഷനിസ്റ്റുകളെല്ലാം ഉറ്റുനോക്കുന്നത്. ഇത്തവണത്തെ മെറ്റ് ഗാലയിലും ഇന്ത്യയിൽനിന്നുള്ളവരുടെ വസ്ത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കരൺ ജോഹറിന്റെയും ഇഷ അംബാനിയുടെയും വസ്ത്രങ്ങൾ വേറിട്ടുനിൽക്കുന്നതായിരുന്നു. സ്വർണനൂലുകൾ കൊണ്ട് നെയ്ത സാരിയും വജ്രം പതിപ്പിച്ച ബ്ലൗസുമണിഞ്ഞാണ് ഇഷ ഇത്തവണ വന്നത്. കരൺ ആവട്ടെ രാജാ രവിവർമയുടെ ചിത്രങ്ങൾ ഹാൻഡ് പെയിന്റ് ചെയ്ത ലോങ് കേപ്പും പവർ-ഷോൾഡേഡ് വിന്റേജ് ജാക്കറ്റുമാണ് ധരിച്ചത്. പിന്നാലെ ഹൈദരാബാദിൽനിന്നുള്ള വ്യവസായിയായ സുധ റെഡ്ഡിയും മെറ്റ്ഗാലയിൽ താരമായി. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്കൊപ്പം അവരുടെ ആഭരണങ്ങളാണ് ആകർഷകമായത്.റോയൽ ബ്ലൂ കോർസെറ്റ് ബോഡീസും ഏഴ് മീറ്ററോളം നീളമുള്ള ട്രെയിനുമായിരുന്നു അവർ ധരിച്ചത്. അത് ഡിസൈൻ ചെയ്തത് മനീഷ് മൽഹോത്രയും സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് മരിയേൽ ഹെയ്‌നും ചേർന്നാണ്. ‘Tree of Life’ എന്നാണ് അവരതിന് പേരിട്ടത്. ബോഡീസിന്റെ മുകൾഭാഗത്ത് ചെമ്പ്, പിച്ചള, വെള്ളി എന്നിവ കൊണ്ട്, കൽപവൃക്ഷം പോലെ ഒരുക്കി.ട്രെയിനിലെ പ്രത്യേകത വലിയ പീകോക്ക് മോട്ടിഫുകളായിരുന്നു. 3500-ഓളം മണിക്കൂർ കൊണ്ടാണ് വസ്ത്രം പൂർത്തിയാക്കിയത്. 3000 വർഷത്തിലേറെ പഴക്കമുള്ള കലംകാരി, മനീഷും മരിയേലും ചേർന്ന് ആധുനികരീതിയിൽ അവതരിപ്പിക്കുകയായിരുന്നു. സർദോസി, രേഷം, മെറ്റൽവർക്ക് എന്നിവയാണ് അതിലെ ഹൈലൈറ്റ്.ആഭരണങ്ങളായി തിരഞ്ഞെടുത്തത് വിക്ടോറിയൻ ഫിനിഷിലുള്ള ഡയമണ്ട് നെക്ലേസാണ്. അവരുടെ സ്വകാര്യശേഖരത്തിൽനിന്നുള്ള ആ മാലയ്ക്ക് ഏകദേശം 142 കോടി രൂപ വിലമതിക്കുമെന്ന് ‘പീപ്പിൾ’ മാസിക റിപ്പോർട്ട് ചെയ്യുന്നു. മാലയുടെ നടുവിലായുള്ള പെൻഡന്റ്, 550 കാരറ്റിലുള്ള ടാൻസാനൈറ്റ് കൊണ്ടാണ് നിർമിച്ചത്. ടാൻസാനിയയിലെ മെറേലാനി കുന്നുകളിൽനിന്ന് കണ്ടെടുത്ത ഇത്, ക്വീൻ ഓഫ് മെറേലാനി എന്നാണ് അറിയപ്പെടുന്നത്. ഒപ്പം 23 കാരറ്റ് യെല്ലോ ഡയമണ്ട് റിങ്ങും 30 കാരറ്റ് റോസ്-കട്ട് പോൾകി ഡയമണ്ട് റിങ്ങും. ലുക്ക് പൂർണമാക്കുന്നതിനായി മനീഷ് മൽഹോത്ര കളക്ഷനിൽനിന്നുള്ള സർദോസി ക്ലച്ചും.2021-ലാണ് സുധ ആദ്യമായി മെറ്റ് ഗാലയിലെത്തുന്നത്. 2023-ലെ കാൻ ഫെസ്റ്റിവലിലും സുധ എത്തിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള സുധ റെഡ്ഡി ഫൗണ്ടേഷന്റെ ചെയർപേഴ്‌സണാണ് അവർ. മേഘ എഞ്ചിനീയറിങ് ആന്റ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് ഗ്രൂപ്പിന്റെ (MEIL Group) സ്ഥാപകനായ പി.വി.കൃഷ്ണ റെഡ്ഡിയാണ് അവരുടെ ഭർത്താവ്.
Source link


