HEALTH
പഞ്ചസാരയ്ക്ക് ഗ്ലാസ് ജാർ; പച്ചക്കറിക്ക് വായുകടക്കാത്ത ബാഗ്; മഴക്കാലത്തെ ‘ഫുഡ് സേഫ്റ്റി’ ഇങ്ങനെ വേണം

മഴക്കാലം വന്നെത്തുന്നതോടെ ഭക്ഷ്യവസ്തുക്കൾ കേടാകാൻ സാധ്യത കൂടുതലാണ്. പലപ്പോഴും സൂക്ഷിച്ചുവയ്ക്കുന്നതിലെ പോരായ്മകളാണ് ഇതിന് പ്രധാനകാരണം. പഴങ്ങളും പച്ചക്കറികളും മസാലകളുമെല്ലാം ഒരുമിച്ച് സൂക്ഷിച്ചുവയ്ക്കുന്നതാണ് നമ്മൾ വരുത്തുന്ന പ്രധാന പിഴവ്. ഇനിയത് വേണ്ട, ഓരോന്നും സുരക്ഷിതമായി എങ്ങനെ സൂക്ഷിക്കാമെന്ന് അറിഞ്ഞിരിക്കണം.പഴങ്ങളും പച്ചക്കറികളും പഴങ്ങൾ വാങ്ങുന്നതുമുതൽ ശ്രദ്ധിക്കണം. ഒരിക്കലും കൂടുതൽ അളവിൽ പഴങ്ങൾ വാങ്ങരുത്. വാങ്ങിയവ കഴുകിത്തുടച്ച് ജലാംശം കളഞ്ഞുവേണം സൂക്ഷിക്കാൻ.കഴുകിത്തുടച്ച പച്ചക്കറികൾ ന്യൂസ്പേപ്പറിൽ പൊതിഞ്ഞ് വായുകടക്കാത്ത ബാഗിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.ധാന്യങ്ങളും മസാലകളും മഴക്കാലത്ത് അന്തരീക്ഷത്തിലെ ജലാംശം കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ധാന്യങ്ങളിൽ കീടശല്യം വരാൻ സാധ്യതയേറെയാണ്. വായുകടക്കാത്ത പാത്രങ്ങളിൽ വേണം ധാന്യങ്ങൾ സൂക്ഷിക്കാൻ. ചെറിയ കഷണം കർപ്പൂരം ഇട്ടുവയ്ക്കുന്നത് കീടങ്ങളെ അകറ്റും. ഉണക്കിസൂക്ഷിച്ച ധാന്യങ്ങൾ ആഴ്ചയിൽ ഒരിക്കലെങ്കിലും പുറത്തെടുത്ത് വെയിലുകൊള്ളിക്കുന്നത് നല്ലതാണ്.മസാലപ്പൊടികളും മഴക്കാലത്ത് കേടുവരാൻ സാധ്യതയുണ്ട്. മസാല പാനിൽ ചെറുതായി ചൂടാക്കിയശേഷം വായുകടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം. നനഞ്ഞ സ്പൂൺ ഉപയോഗിച്ച് മസാലപ്പൊടികൾ എടുക്കരുത്.ഉപ്പും പഞ്ചസാരയും മഴക്കാലത്ത് അലിഞ്ഞുപോകാൻ സാധ്യത കൂടുതലാണ്. ഇവ സൂക്ഷിക്കാൻ അലൂമിനിയം, പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം വായുകടക്കാത്ത ഗ്ലാസ് ജാറുകൾ ഉപയോഗിക്കാം. കുറച്ച് പച്ചരിമണികൾ ഇട്ടുവയ്ക്കുന്നത് ജലാംശം വലിച്ചെടുക്കാൻ സഹായിക്കും.
Source link


