AUTO

ചൈനയോട് പോരാടാൻ ആഡംബര കാറിൽ ‘മോഡിഫിക്കേഷൻ’! പണി പാളി ഫെറാറി, പാരമ്പര്യം തകർത്തെന്ന ആക്ഷേപവുമായി നിക്ഷേപകര്‍


ആഡംബര സ്പോർട്സ് കാറുകളുടെ മുൻനിര ബ്രാൻഡ് ഫെറാറി ആദ്യ സമ്പൂർണ ഇലക്ട്രിക് വാഹനം (ഇവി) പുറത്തിറക്കിയതിന് പിന്നാലെ ആഗോളതലത്തിൽ വൻ വിവാദവും പ്രതിസന്ധിയും പുകയുന്നു. ചൈനീസ് ഇലക്ട്രിക് കാർ വിപണിയിലെ വൻ കുതിച്ചുചാട്ടത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ വിപണിയിലെത്തിച്ച ഫെറാറിയുടെ ‘ലൂചെ’ (Luce) എന്ന ഇവി മോഡലാണ് ഇപ്പോൾ കടുത്ത വിമർശനങ്ങൾക്ക് ഇരയായിരിക്കുന്നത്. ആപ്പിളിന്റെ മുൻ ചീഫ് ഡിസൈനർ സർ ജോണി ഐവ് ഡിസൈൻ ചെയ്ത ഈ വാഹനം, ഫെറാറിയുടെ ചരിത്രത്തിലെ ആദ്യത്തെ അഞ്ച് സീറ്റർ കാർ കൂടിയാണ്. ഇറ്റാലിയൻ ഭാഷയിൽ ‘വെളിച്ചം’ എന്നർഥമുള്ള ‘ലൂചെ’ എന്ന് പേരിട്ടിരിക്കുന്ന ഈ കാർ പക്ഷേ കമ്പനിയുടെ ഓഹരി വിപണിയിൽ കരിനിഴലാണ് വീഴ്ത്തിയിരിക്കുന്നത്.∙ പാരമ്പര്യം തകർത്ത ഡിസൈൻ, ഇല്ലാതാകുന്നത് ഫെറാറിയുടെ തനിമയോ?ഗർജിക്കുന്ന പെട്രോൾ എൻജിനുകളും താഴ്ന്നിറങ്ങിയ സ്പോർട്ടി ലുക്കുമുള്ള സൂപ്പർകാറുകളിലൂടെ ലോകം കീഴടക്കിയ ഫെറാറി, ഇലക്ട്രിക് യുഗത്തിലേക്ക് മാറാൻ കാലങ്ങളായി മടിച്ചുനിൽക്കുകയായിരുന്നു. എന്നാൽ വിപണിയിലെ സമ്മർദങ്ങൾക്കൊടുവിൽ അവർ പുറത്തിറക്കിയ ലൂചെ വേഗത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. വെറും 2.5 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 96 കിലോമീറ്റർ വേഗം കൈവരിക്കാൻ ഇതിനാകും. മണിക്കൂറിൽ 190 മൈലിലധികം (305 കി.മീ) വേഗവും ഇതിനുണ്ട്. എങ്കിലും, കാറിന്റെ രൂപഭംഗിയാണ് ആരാധകരെയും നിക്ഷേപകരെയും ഒരേപോലെ ചൊടിപ്പിച്ചത്.ഇറ്റലിയുടെ ഉപപ്രധാനമന്ത്രിയും ഗതാഗത മന്ത്രിയുമായ മാറ്റിയോ സാൽവിനിയും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ‘ഇതാണോ നവീകരണം? ഇത് കണ്ടാൽ ഫെറാറിയുടെ ഒരു കാറാണെന്ന് ആരെങ്കിലും പറയുമോ? കമ്പനിയുടെ സ്ഥാപകൻ എൻസോ ഫെറാറി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇതിനെക്കുറിച്ച് എന്താകുമായിരുന്നു പറയുക?’ – മാറ്റിയോ സാൽവിനി ചോദിച്ചു.സോഷ്യൽ മീഡിയയിൽ ഈ കാറിനെ വിലകുറഞ്ഞ നിസ്സാൻ ലീഫ് കാറുകളോടും ചൈനീസ് ഇവികളോടും ഉപമിച്ചാണ് ട്രോളുകൾ ഇറങ്ങുന്നത്. നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ ഇതിലും മികച്ച ഡിസൈനുകൾ ഉണ്ടാക്കാമെന്ന് കാണിച്ച് ആരാധകർ ഫെറാറിയെ വെല്ലുവിളിക്കുന്നുമുണ്ട്.


Source link

Back to top button