NEWS
മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ചു: തൃക്കാക്കരയിൽ 5 പേർ പിടിയിൽ, സിഐയുടെ കൈക്ക് പൊട്ടൽ

കൊച്ചി ∙ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതു ചോദ്യം ചെയ്യാനെത്തിയ പൊലീസിനെ ആക്രമിച്ച അഞ്ചുപേർ തൃക്കാക്കരയിൽ പിടിയില്‍. ആക്രമണത്തിൽ ഇടപ്പള്ളി ട്രാഫിക് ഈസ്റ്റ് സിഐ ഉദയകുമാറിനു പരുക്കേറ്റു. അദ്ദേഹത്തിന്റെ കൈക്ക് പൊട്ടലുണ്ട്. നഗരത്തിലെ മാളിലെ സുരക്ഷാ ജീവനക്കാരാണു പിടിയിലായവർ. വയനാട് സ്വദേശി അക്ഷയ് (25), കൊല്ലം സ്വദേശി ജിനീഷ് (38), തിരുവനന്തപുരം സ്വദേശികളായ അജ്മൽ (20), അൽത്താഫ് (21), നെന്മാറ സ്വദേശി ഷംസുദീൻ (36) എന്നിവരാണു പിടിയിലായ പ്രതികൾ. ഇവർക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അടക്കം കേസെടുക്കുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.ഇന്ന് പുലർച്ചെ 12.30ഓടെ തൃക്കാക്കര ഉണിച്ചിറയ്ക്കു സമീപം മരോട്ടിച്ചുവടിലുള്ള അപ്പാർട്ട്മെന്റിലാണു സംഭവം. നഗരത്തിലെ പ്രധാന മാളിലെ സെക്യൂരിറ്റി സ്റ്റാഫുകളായ അഞ്ചംഗസംഘം തങ്ങൾ വാടകയ്ക്കു താമസിക്കുന്ന അപ്പാർട്ട്മെന്റിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. പ്രദേശവാസികൾക്കു ശല്യമായതോടെ അപ്പാർട്ട്മെന്റിലെ കെയർടേക്കർ പൊലീസിന്റെ കൺട്രോൾ റൂം നമ്പറായ 112ൽ വിവരമറിയിച്ചു. വിവരമറിഞ്ഞ് കൺട്രോൾ റൂം വാഹനം സ്ഥലത്തേക്ക് എത്തിയെങ്കിലും മദ്യലഹരിയിലായിരുന്ന പ്രതികൾ പൊലീസിനെ തടഞ്ഞുവച്ച് തട്ടിക്കയറുകയായിരുന്നു.
Source link


