NEWS

‘ഹോർമുസിൽ ഇടപെട്ടാൽ തകർക്കും’: ഒമാനോട് ഡോണൾഡ് ട്രംപ്


ദുബായ് ∙ ഹോർമുസ് കടലിടുക്കിൽ അനാവശ്യമായി ഇടപെട്ടാൽ തകർത്തു കളയുമെന്ന് ഒമാനു നേരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഇറാനൊപ്പം ചേർന്നു നിയന്ത്രണം നേടാമെന്ന് കരുതേണ്ടെന്നും അത്തരം നീക്കമുണ്ടായാൽ കനത്ത നാശം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രംപിന്റെ നാവു പിഴയാണെന്ന് ആദ്യം കരുതിയെങ്കിലും ഒമാനെ തന്നെയാണ് ഉദ്ദേശിച്ചതെന്നു വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഹോർമുസിൽ ടോൾ പിരിക്കാൻ നേരിട്ടോ പരോക്ഷമായോ നടത്തുന്ന ശ്രമങ്ങൾ നിർദാക്ഷിണ്യം നേരിടുമെന്നു യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും പറഞ്ഞു. ഇറാനൊപ്പം ചേർന്നാൽ, ഒമാനെതിരെ സാമ്പത്തിക ഉപരോധം ഉൾപ്പെടെ ഉണ്ടാകുമെന്നും അമേരിക്ക മുന്നറിയിപ്പു നൽകി. അതേസമയം, ഒമാൻ വിദേശകാര്യമന്ത്രിയുമായി ഹോർമുസ് വിഷയങ്ങൾ ചർച്ച ചെയ്തതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി എക്സിൽ കുറിച്ചു. ഏതു ഭീഷണിയും നേരിടാൻ ഒപ്പമുണ്ടാകുമെന്നും വ്യക്തമാക്കി. ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പലുകൾ ആക്രമിക്കപ്പെട്ടതിനു പിന്നാലെ വ്യാഴാഴ്ച പുലർച്ചെ കുവൈത്തിനു നേരെ ആക്രമണമുണ്ടായി. മിസൈലുകളും ഡ്രോണുകളും ആകാശത്തു പ്രതിരോധിച്ചതായി കുവൈത്ത് സേന അറിയിച്ചു.അതേസമയം, ഇറാനെതിരെയുള്ള വെടിനിർത്തൽ 60 ദിവസം കൂടി നീട്ടാനുള്ള ഏകദേശ ധാരണയായെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുമതി ലഭിക്കാതെ ഇതു പ്രാബല്യത്തിലാകില്ലെന്നു വ്യക്തമാക്കിയതോടെ അനിശ്ചിതത്വം നീളുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച ട്രംപ്, അതിനു ശേഷം തീരുമാനമറിയിക്കാമെന്ന നിലപാടിലാണ്. യുഎസ്, ഇറാൻ നയതന്ത്ര ചർച്ചകളെ തുടർന്നു വെടിനിർത്തൽ നീട്ടാനുള്ള കരാറായെന്നും ചില ചെറിയ കാര്യങ്ങളിൽ കൂടി തീരുമാനമാകാനുണ്ടെന്നുമാണു വ്യാഴാഴ്ച യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചത്. ഇറാന്റെ ആണവായുധ പദ്ധതിയിൽ പുതിയ ചർച്ച തുടങ്ങുമെന്നും പറഞ്ഞു. എന്നാൽ, ട്രംപ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം സ്ഥിരീകരിച്ചിരുന്നില്ല. ഇറാനിലെ യുറേനിയം ശേഖരം സംബന്ധിച്ച് യുഎസിന് അനുകൂലമായി തീരുമാനമെടുക്കുക, ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കുക, ഹോർമുസിലെ മൈനുകൾ നീക്കം ചെയ്യുക എന്നിവയുൾപ്പെടെയാണു യുഎസിന്റെ നിബന്ധനകൾ.


Source link

Back to top button