NEWS
കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു; റിവ്യൂ കമ്മിറ്റി പരിശോധിക്കട്ടെ

ന്യൂഡൽഹി∙ ആക്ഷേപഹാസ്യ ഡിജിറ്റൽ കൂട്ടായ്മ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സിജെപി) എക്സ് അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ ഉത്തരവിടാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. വിഷയം ഐടി ചട്ടപ്രകാരമുള്ള റിവ്യൂ കമ്മിറ്റി പരിശോധിച്ച് ജൂലൈ 7ന് മുൻപ് തീരുമാനമെടുക്കണമെന്നു കോടതി നിർദേശിച്ചു. ജസ്റ്റിസ് പുരുഷേന്ദ്ര കുമാർ കൗരവാണ് ഹർജി പരിഗണിച്ചത്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് റിവ്യൂ കമ്മിറ്റിക്ക് മുൻപാകെ വെർച്വലായി ഹാജരാകാൻ അനുമതി നൽകി. ബ്ലോക്ക് ചെയ്യൽ റദ്ദാക്കണമെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടാൽ അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ ഉത്തരവിടാൻ നിയമപരമായി അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.സിജെപി അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനെതിരെ ദീപ്കെ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനും എക്സിനും നോട്ടിസ് അയച്ചു. കേസ് ജൂലൈ 7 ന് വീണ്ടും പരിഗണിക്കും. ‘‘അടുത്ത വാദം കേൾക്കുന്നതിനു മുൻപ് റിവ്യൂ കമ്മിറ്റി എല്ലാ വശങ്ങളും പരിശോധിക്കട്ടെ. തീരുമാനം രേഖപ്പെടുത്തട്ടെ’’ – കോടതി നിർദേശിച്ചു. സിജെപി അക്കൗണ്ട് ശുദ്ധ ആക്ഷേപഹാസ്യമാണ് എന്നും ചില ട്വീറ്റുകൾ അപകീർത്തികരമാണെണെങ്കിൽ അവ മാത്രം ബ്ലോക്ക് ചെയ്താൽ മതിയെന്നും ദീപ്കെക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഖിൽ സിബൽ വാദിച്ചു. ഇടക്കാല ഉത്തരവിലൂടെ അക്കൗണ്ട് അൺബ്ലോക്ക് ചെയ്യണമെന്നും ബ്ലോക്കിങ് ഉത്തരവു തനിക്കു നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Source link

