NEWS

ആർഎസ്എസ് സംഘടനകളുടെ പേരിൽ തൃണമൂൽ പ്രവർത്തകർ: എബിവിപിയും ബിഎംഎസും ജാഗ്രതയിൽ


കൊൽക്കത്ത∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്ന മേയ് 4 ന് ശേഷം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ ആർഎസ്എസ് പോഷക സംഘടനകളായ എബിവിപിയുടെയും ബിഎംഎസിന്റെയും പേര് ദുരുപയോഗം ചെയ്യുന്നതായി പരാതി. സ്വയം എബിവിപി-ബിഎംഎസ് പ്രവർത്തകരെന്ന് അവകാശപ്പെടുന്ന തൃണമൂൽ പ്രവർത്തകർക്കെതിരെ സംഘടനകൾ രംഗത്ത്. ഇതുവരെ 17 പരാതികൾ പൊലീസിനു നൽകിയതായി എബിവിപിയുടെ സംസ്ഥാന നേതൃത്വം അറിയിച്ചു. സംഘടനയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ ഗ്രൂപ്പുകളെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി നിരീക്ഷണം തുടരുകയാണെന്ന് ദി ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു.വ്യാഴാഴ്ച എബിവിപി പുറത്തിറക്കിയ പത്രക്കുറിപ്പിൽ എബിവിപിയുടെ വ്യാജ ലെറ്റർഹെഡ് ഉപയോഗിച്ച് ഗവർണർ ആർ.എൻ. രവിക്കു നിവേദനം നൽകിയ സംഭവം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൃണമൂലിന്റെ വിദ്യാർഥി സംഘടനയായ ടിഎംസിപിയുടെ  പ്രവർത്തനങ്ങൾക്കെതിരെയും ബർദ്വാൻ സർവകലാശാലയുമായി ബന്ധപ്പെട്ട നിർദേശങ്ങളുടെ പേരിലുമാണ് വ്യാജ ലെറ്റർഹെഡിൽ നിവേദനം നൽകിയത്. ‘‘മേയ് 4 ലെ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ടിഎംസിപിയുടെ നിരവധി വിദ്യാർഥി യൂണിയനുകൾ സമൂഹമാധ്യമങ്ങളിലെ പേരു മാറ്റി എബിവിപിയുടെ പേര് ഉപയോഗിക്കാൻ തുടങ്ങി. നേരത്തെ ടിഎംസിപി എന്നറിയപ്പെട്ടിരുന്ന പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളും വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കാൻ ഞങ്ങളുടെ പേര് ഉപയോഗിക്കുന്നു’’ എബിവിപി സംസ്ഥാന സെക്രട്ടറി നീലകണ്ഠ ഭട്ടാചാര്യയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.‘‘ട്രേഡ് യൂണിയനിസത്തിന്റെ പേരിൽ അഴിമതിയിലും അതിക്രമങ്ങളിലും ഏർപ്പെട്ടവരുമായി ബിഎംഎസിന്റെ ആശയങ്ങൾ യോജിക്കുന്നില്ല. കഴിഞ്ഞ 50 വർഷമായി ഇത്തരം പ്രവണതകൾ അനുഭവിച്ച ഈ സംസ്ഥാനത്ത് അഴിമതി രഹിത ട്രേഡ് യൂണിയൻ മാതൃക ഉറപ്പാക്കും’’ – ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ദേബാശിഷ് ഭട്ടാചാര്യ പറഞ്ഞു. അടുത്തിടെ ബിഎംഎസിന്റെ പേര് ഉപയോഗിക്കാൻ തുടങ്ങിയവരെ തിരിച്ചറിഞ്ഞ് പ്രാദേശികമായി സന്ദേശങ്ങൾ പ്രചരിപ്പിച്ചതായും മുതിർന്ന ബിഎംഎസ് നേതാവ് അറിയിച്ചു.


Source link

Back to top button