NEWS
വന്ദേമാതരം പൂർണമായി ആലപിച്ചില്ല: അതൃപ്തി പരസ്യമാക്കി ഗവർണർ, സ്പീക്കറെയും മുഖ്യമന്ത്രിയെയും രേഖാമൂലം അറിയിക്കും

തിരുവനന്തപുരം ∙ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗ വേളയില്‍ വന്ദേമാതരം പൂർണമായി ആലപിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വന്ദേമാതരം മുഴുവന്‍ ആലപിക്കാതിരുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ഗവര്‍ണര്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അറിയിച്ചു. വന്ദേമാതരം ആലപിക്കുന്നതു സംബന്ധിച്ച് ഇന്നലെ വൈകിട്ടു ലോക്ഭവന് നിയമസഭാ അധികാരികളെ ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് നയപ്രഖ്യാപന പ്രസംഗത്തിനു മുന്‍പും അതു കഴിഞ്ഞും വന്ദേമാതരത്തിന്റെ നാലുവരികള്‍ മാത്രമാണ് പൊലീസ് ബാന്‍ഡില്‍ വായിച്ചത്. ഗവര്‍ണര്‍ക്ക് ഇതില്‍ അതൃപ്തിയുണ്ടായിരുന്നുവെങ്കിലും നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിച്ചാണ് അദ്ദേഹം മടങ്ങിയത്. സഭയില്‍ വിവാദമുണ്ടാക്കാന്‍ ആഗ്രഹമില്ലാത്തതിനാലാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിച്ചത്. എന്നാല്‍ തിരിച്ചു ലോക്ഭവനിലെത്തി പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഗവര്‍ണര്‍ അതൃപ്തി വ്യക്തമാക്കുകയായിരുന്നു. സ്പീക്കറെയും മുഖ്യമന്ത്രിയെയും ഇക്കാര്യം രേഖാമൂലം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Source link

