NEWS

നിയമസഭയിൽ ഗവർണർക്കൊപ്പം ഡിജിപിയും; പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പിണറായി വിജയൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയിലെ പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്. പിണറായി വിജയൻ. ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖറും നിയമസഭയിൽ പ്രവേശിച്ചതാണ് വിവാദമായിരിക്കുന്നത്.

സഭയിൽ പ്രവേശിക്കാൻ ഡിജിപിക്ക് അനുമതിയില്ലെന്നിരിക്കെയാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. നയപ്രഖ്യാപനത്തിനായി ഗവർണർ സഭയിലേക്ക് എത്തിയപ്പോൾ അദ്ദേഹത്തിനൊപ്പം ഡിജിപിയും അനുഗമിക്കുകയായിരുന്നു. സഭയ്ക്കുള്ളിൽ പ്രവേശിച്ച ഡിജിപി പിന്നീട് മറ്റൊരു വഴിയിലൂടെയാണ് പുറത്തേക്ക് പോകുകയായിരുന്നു.

സംഭവം സഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ഇത് മുൻപില്ലാത്ത കീഴ്‌വഴക്കമാണെന്നും ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടി. പ്രോട്ടോക്കോൾ പ്രകാരം ഡിജിപിക്ക് സഭയ്ക്കുള്ളിൽ പ്രവേശിക്കാൻ അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ പ്രതികരിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അശ്രദ്ധ കൊണ്ടാകാം ഡിജിപി സഭയ്ക്കകത്ത് പ്രവേശിച്ചത് എന്ന് സ്പീക്കർ പറഞ്ഞു. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ ഇത് അറിയാതെ സംഭവിച്ചതാകാമെന്ന് കരുതുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. സാധാരണ ഗതിയിൽ നടക്കാൻ പാടില്ലാത്ത കാര്യമാണിതെന്നും, സ്പീക്കർ ഡിജിപിയോട് ഇക്കാര്യം സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KERALAM, KERALA LEGISLATIVE ASSEMBLY, UDF GOVERNMENT, PINARAYI VIJAYAN, GOVERNOR, DGP RAVADA CHANDRASEKHAR


Source link
NEWS

Back to top button