LIFESTYLE

നോട്ടുകൾ കീറി പോകുമെന്ന പേടി വേണ്ട; പ്ലാസ്റ്റിക് നോട്ടുകൾ അവതരിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക്

മുംബയ്: പേപ്പർ നോട്ടുകൾക്ക് പകരം പോളിമർ (പ്ലാസ്റ്റിക്) നോട്ടുകൾ രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പത്തുവർഷം പഴക്കമുള്ള പദ്ധതിയെ പുനരുജ്ജീവിപ്പിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. ഉയർന്നുവരുന്ന പണത്തിന്റെ ആവശ്യം, അച്ചടി ചെലവ്, നോട്ടുകളുടെ ആയുസ് എന്നിവ കണക്കിലെടുത്ത് വൈകാതെ തന്നെ ഇതിന്റെ പൈലറ്റ് പ്രോജക്റ്റ് (പരീക്ഷണ പദ്ധതി) പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഡിജിറ്റൽ പേയ്മെന്റുകളുടെ കാലത്തും വിനിമയത്തിലുള്ള കറൻസിയുടെ തോത് സർവകാല റെക്കോഡിലെത്തിയ സാഹചര്യത്തിലാണ് തീരുമാനം. നിലവിലുള്ള പരുത്തി അധിഷ്ഠിത പേപ്പർ നോട്ടുകൾ വളരെ വേഗത്തിൽ കീറിപ്പോവുകയും അഴുക്കുപിടിക്കുകയും ചെയ്യുന്നുണ്ട്. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരുവർഷത്തിനിടെ 23.8 ബില്ല്യൺ (2,380 കോടി) ഉപയോഗശൂന്യമായ നോട്ടുകൾ നശിപ്പിക്കേണ്ടി വന്നിട്ടുണ്ട്. കൂടാതെ നോട്ട് അച്ചടിക്കാനുള്ള ചെലവും (2024-2025 സാമ്പത്തിക വർഷത്തിൽ ₹6,372 കോടിയിലധികം) വർദ്ധിച്ചിട്ടുണ്ട്.

പോളിമർ നോട്ടുകൾക്ക് സാധാരണ നോട്ടുകളേക്കാൾ രണ്ടര മുതൽ മൂന്ന് ഇരട്ടി വരെ ആയുസുണ്ടായിരിക്കും. വെള്ളം കയറി നശിക്കുകയോ എളുപ്പത്തിൽ കീറിപ്പോവുകയോ ഇല്ല. കൂടാതെ ഇവ പൂർണമായും റീസൈക്കിൾ ചെയ്യാനും സാധിക്കും. നിലവിലെ എടിഎമ്മുകൾ പ്ലാസ്റ്റിക് നോട്ടുകൾ തിരിച്ചറിയുന്നതിനും വിതരണം ചെയ്യുന്നതിനും സജ്ജമാണെന്ന് ആർബിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ചെറിയ മൂല്യമുള്ള നോട്ടുകളായ പത്ത്, ഇരുപത് രൂപ നോട്ടുകളായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പുറത്തിറക്കുക. 2012-ൽ തന്നെ പത്തു രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് നടപ്പായിരുന്നില്ല. ഇത്തരം നോട്ടുകളിൽ സുതാര്യമായ വിൻഡോകൾ പോലുള്ള നൂതന സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്താൻ സാധിക്കുന്നതിനാൽ കള്ളനോട്ടുകൾ തടയാൻ എളുപ്പമാണ്.


Source link

Back to top button