NEWS
എസി പൊട്ടിത്തെറിച്ച് തീപിടിത്തം; കോംപറ്റീഷൻ കമ്മിഷന്റെ മുൻ ചെയർമാൻ ധനേന്ദ്ര കുമാറിന് ദാരുണാന്ത്യം

ന്യൂഡൽഹി ∙ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ആദ്യ ചെയർമാനും ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ധനേന്ദ്ര കുമാർ (80) വീട്ടിലെ എയർ കണ്ടീഷണർ പൊട്ടിത്തെറിച്ച് മരിച്ചു. തെക്കൻ ഡൽഹിയിലെ ഹൗസ് ഖാസിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ ഇന്നലെ രാത്രി 11.18 ഓടെയായിരുന്നു അപകടം. എസിയുടെ ഇൻഡോർ യൂണിറ്റ് പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിലാണ് മരണം സംഭവിച്ചത്. അപകടത്തിൽ പരുക്കേറ്റ അദ്ദേഹത്തിന്റെ മകൻ ചികിത്സയിലാണ്. അപകടസമയത്ത് ധനേന്ദ്ര കുമാറിന്റെ കുടുംബാംഗങ്ങളും ജോലിക്കാരും ഉൾപ്പെടെ അഞ്ച് പേർ വീട്ടിലുണ്ടായിരുന്നു. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ഉടൻ ധനേന്ദ്ര കുമാറിനെയും മകനെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുക ശ്വസിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളായ ധനേന്ദ്ര കുമാർ ചികിത്സയിലിരിക്കെ മരിച്ചു. അദ്ദേഹത്തിന്റെ മകൻ നിലവിൽ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
Source link


