NEWS
വിജയിനെ വിമർശിച്ചു, പിന്നാലെ നടപടി; ‘പുതിയ തലമുറൈ’ ചാനലിനെ കേബിൾ നെറ്റ്വർക്കിൽ നിന്ന് ഒഴിവാക്കി

ചെന്നൈ ∙ തമിഴ്നാട്ടിലെ വാർത്താ ചാനലായ ‘പുതിയ തലമുറൈ’ക്കെതിരെ പ്രതികാര നടപടിയുമായി വിജയ് സർക്കാർ. സർക്കാരിന്റെ ഔദ്യോഗിക കേബിൾ നെറ്റ്വർക്കായ തമിഴ്നാട് അരശ് കേബിൾ ടിവിയിൽ നിന്ന് ചാനലിനെ നീക്കം ചെയ്തു. മുൻകൂട്ടി നോട്ടിസ് നൽകാതെയാണ് നടപടി. തമിഴ്നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ചും ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്നുള്ള മുഖ്യമന്ത്രി വിജയിന്റെ യാത്രകൾ കാരണം പൊതുജനങ്ങൾക്കും പൊലീസിനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ചാനൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ അപ്രതീക്ഷിത നീക്കം. ഡൽഹി സന്ദർശനത്തിനു ശേഷം വിജയ് മാധ്യമങ്ങളെ ഒഴിവാക്കിയത് ചാനൽ വിമർശിച്ചിരുന്നു. ഡൽഹിയിൽ മുഖ്യമന്ത്രിമാർ വാർത്താസമ്മേളനം നടത്തുന്നതായിരുന്നു പതിവ്. എന്നാൽ, മാധ്യമങ്ങളെ കാണാതെയാണ് വിജയ് മടങ്ങിയത്. മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും ആരോപിച്ച് ചാനൽ അധികൃതരും വിവിധ മാധ്യമ സംഘടനകളും രംഗത്തെത്തി.
Source link


