NEWS
തലങ്ങും വിലങ്ങും ഉണ്ടായിരുന്ന തോടുകള്‍ ബൈപാസ് നിർമാണത്തിന് വേണ്ടി നികത്തി; വെള്ളത്തിൽ മുങ്ങി 300 വീടുകൾ

ആലപ്പുഴ ∙ തോടുകൾ മൂടി ഓടയും സർവീസ് റോഡും നിർമിച്ച ദേശീയപാത അതോറിറ്റിയുടെ നടപടി മൂലം വെള്ളത്തിൽ മുങ്ങിയ 300ലേറെ വീടുകളിൽ ജനജീവിതം ദുരിതപൂർണമായി. നാല് ദിവസമായി പെയ്യുന്ന മഴയിൽ മുങ്ങിയ വീടുകളിൽ വയോജനങ്ങളും രോഗികളും കുഞ്ഞുങ്ങളും തണുപ്പു പിടിച്ച് ആരോഗ്യത്തിനു ഭീഷണിയായിട്ടും ജില്ലാ ഭരണകൂടവും മറ്റ് ഉത്തരവാദപ്പെട്ട വ്യക്തികളും തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ സങ്കടം പറയുന്നു.മഴക്കാലത്ത് വെള്ളം ഒഴുകി മുതലപ്പൊഴിയിൽ എത്താൻ തലങ്ങും വിലങ്ങും ഉണ്ടായിരുന്ന തോടുകളാണ് ബൈപാസ് നിർമാണത്തിനു വേണ്ടി നികത്തിയത്. മൂന്നു വർഷം മുൻപ് ചെയ്ത ഈ നടപടികൾ പാടില്ലെന്നു പറയാൻ അന്ന് ആരും തയാറായില്ല. അതോടൊപ്പം സായ് ഭാഗത്ത് സ്വകാര്യ വ്യക്തികൾ തോട് മൂടിയതു പോലുള്ള നടപടികളും പ്രശ്നമായി. ഇന്നലെ പ്രദേശത്തെത്തിയ അഗ്നിരക്ഷാസേന നിസ്സഹായരായി മടങ്ങി. നികത്തിയ തോടുകൾ പുനഃസ്ഥാപിക്കാനാണ് അഗ്നിരക്ഷാസേന പറഞ്ഞത്.
Source link


