NEWS
ഒരു മെട്രോ നഗരത്തിന്റെ മാത്രം ജനസംഖ്യ; എന്നിട്ടും ഇന്ത്യയെ കടത്തിവെട്ടി തയ്വാൻ, ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

വിപണി മൂലധനത്തിൽ ഇന്ത്യയെ മറികടന്ന് തയ്വാൻ അഞ്ചാംസ്ഥാനം സ്വന്തമാക്കി. തയ്വാനിലെ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ മൊത്തം വിപണി മൂല്യം ഏകദേശം 4.95 ട്രില്യൻ ഡോളറാണ്. ഇന്ത്യയുടേത് 4.92 ട്രില്യൻ ഡോളറും. എഐ മേഖലയിൽ അതിവേഗം മുന്നോട്ടുപോയില്ലെങ്കിൽ നിലവിലെ ആറാംസ്ഥാനത്തു നിന്നും ഇന്ത്യ താഴേക്കു പതിച്ചേക്കാം. തൊട്ടുപിന്നിലുള്ള ദക്ഷിണകൊറിയയും എഐ മേഖലയിൽ വളരെയേറെ മുന്നിലാണ്. ഇന്ത്യൻ ഐടി ഓഹരികളിൽ മാസങ്ങളായി തുടരുന്ന വിറ്റൊഴിക്കലും ഈ സൂചന തന്നെയാണു നൽകുന്നത്. 77.95 ട്രില്യൻ ഡോളറുമായി അമേരിക്കൻ വിപണിയാണ് റാങ്കിങ്ങിൽ ഒന്നാമത്. രണ്ടാംസ്ഥാനത്ത് ചൈന, വിപണിമൂല്യം–15.6 ട്രില്യൻ. 8.7 ട്രില്യനുമായി ജപ്പാനാണ് മൂന്നാമത്. ലോക രാജ്യങ്ങളുടെ വിപണി റാങ്കിങ്ങിനെയും ആഗോള സമ്പദ്വ്യവസ്ഥയെയും മാറ്റിമറിക്കുന്ന ഘടനാപരമായ ശക്തിയായി എഐ മാറുന്നുവെന്ന മുന്നറിയിപ്പാണ് തയ്വാന്റെ മുന്നേറ്റം ഇന്ത്യയ്ക്കു നൽകുന്നത്.തയ്വാന്റെ പ്രധാന വിപണി സൂചികയുടെ 42 –45% വരെ വിഹിതം ഇപ്പോൾ ടിഎസ്എംസിക്കാണ്. എഐ വമ്പൻമാർ സൂചികകളുടെ പ്രകടനത്തെ മൊത്തത്തിൽ നിയന്ത്രിക്കുന്ന പ്രവണതപോലും ഇപ്പോൾ ആഗോള വിപണികളിലുണ്ട്. എൻവിഡിയ, ആപ്പിൾ, മൈക്രോസോഫ്റ്റ്, ആൽഫബെറ്റ് തുടങ്ങിയ വമ്പൻമാരാണ് ഇപ്പോൾ യുഎസിലെ എസ്ആൻഡ്പി500 സൂചികയെ നയിക്കുന്നത്.
Source link


