പിണറായിയുടെ വീടിന് മുന്നിൽ തടിച്ചുകൂടി പ്രവർത്തകർ; റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം

കണ്ണൂർ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ വെെകാരിക പ്രതികരണവുമായി സിപിഎം പ്രവർത്തകർ. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെത്തി പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. ‘കേന്ദ്ര സർക്കാർ തെമ്മാടികളെ’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം. കൂടുതൽ പ്രവർത്തകർ സ്ഥലത്തേക്ക് എത്തുന്നുണ്ട്.
ഇഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രവർത്തകരുടെ ആരോപണം. ഇഡിക്കെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. സ്ഥലത്ത് കൂടുതൽ പൊലീസിനെ എത്തിക്കാനാണ് സാദ്ധ്യത. പിണറായിയെ നശിപ്പിച്ചാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നശിപ്പിക്കാമെന്ന് കരുതിയാണ് കേന്ദ്രസർക്കാർ ഇങ്ങനെ ചെയ്യുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു. പൊലീസുമായി ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് നേതാക്കൾ പ്രവർത്തകരെ പിടിച്ചുമാറ്റി. റെയ്ഡ് ബിജെപിയുടെ കോൺഗ്രസും തമ്മിലുള്ള സംയുക്ത ഓപ്പറേഷൻ ആണെന്ന് മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ പ്രതികരിച്ചു.
പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. കേസിൽ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഇഡി നടപടി. ഇന്ന് പുലർച്ചെയോടെയാണ് ഇഡി ഉദ്യോഗസ്ഥർ പിണറായിയുടെ വീട്ടിൽ എത്തിയത്. കേസുമായി ബന്ധപ്പെട്ട് കേരളത്തിലാകെ 10 ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. പിണറായിയുടെ മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ്, സിഎംആർഎൽ എംഡി ശശിധരൻ കർത്ത, സീനിയർ മാനേജർ ചന്ദ്രശേഖർ എന്നിവരുടെ വീടുകളിലും സിഎംആർഎല്ലിന്റെ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്.
വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആലുവയിലെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്‌ൽസ് ലിമിറ്റഡിന്റെ (സി.എം.ആർ.എൽ) ആവശ്യമാണ് ഹൈക്കോടതി ഇന്നലെ തള്ളിയത്. ഇഡിയുടെ അന്വേഷണത്തിനുണ്ടായിരുന്ന സ്റ്റേ ഇതോടെ നീങ്ങുകയായിരുന്നു. മാസപ്പടിക്കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് ഇഡി അന്വേഷിക്കുന്നത്. ഇഡി അയച്ച സമൻസുകൾ ചോദ്യംചെയ്തും അന്വേഷണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുമാണ് സിഎംആർഎൽ കോടതിയെ സമീപിച്ചത്.
Source link
NEWS


