NEWS
എൽഡിഎഫ് സർക്കാർ ‘ഒതുക്കാൻ’ ശ്രമിച്ച കേസ്, വെട്ടിലായി പിണറായി സേന; പാർട്ടിക്കാരെ യുഡിഎഫ് കൈവിടില്ലെന്ന സന്ദേശം

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ സ്വന്തം സേനയെന്ന മേൽവിലാസത്തിൽ പൊലീസിനെപ്പോലും വകവയ്ക്കാതെ ഗൺമാൻ അടക്കമുള്ളവർ നടത്തിയ ക്രൂരമർദനത്തിലാണ് രണ്ടരവർഷത്തിനു ശേഷം വകുപ്പുതല നടപടിയുണ്ടായിരിക്കുന്നത്. ‘ഞങ്ങളുടെ കുട്ടികളെ തല്ലിച്ചതച്ചത് മറക്കില്ല’ എന്ന് ആവർത്തിച്ചുപറഞ്ഞ് അധികാരത്തിലേറിയ യുഡിഎഫ് ആദ്യ മന്ത്രിസഭായോഗത്തിൽത്തന്നെ പുനരന്വേഷണം പ്രഖ്യാപിച്ചത് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ്. രാഷ്ട്രീയപ്രതികാരമല്ലെന്നും കോടതി ഉത്തരവിട്ട പുനരന്വേഷണം നടത്തുക മാത്രമാണു ചെയ്യുന്നതെന്നും പുറമേ പറഞ്ഞെങ്കിലും പിണറായി സർക്കാർ വേട്ടയാടിയ പാർട്ടിക്കാരെ യുഡിഎഫ് കൈവിടില്ലെന്ന സന്ദേശം കൂടി നൽകാനായിരുന്നു അതിവേഗത്തിലുള്ള എസ്ഐടി രൂപീകരണം. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന നിർദേശത്തോടെ രൂപീകരിച്ച എസ്ഐടി ഒരാഴ്ചയ്ക്കുള്ളിൽ അതു നൽകി.സുരക്ഷാസംഘം നടത്തിയ ക്രൂരമർദനത്തിന്റെ വ്യക്തമായ ദൃശ്യങ്ങൾ ലഭ്യമായിരുന്ന സംഭവത്തിൽ എസ്ഐടിക്കു കാര്യമായ അന്വേഷണം വേണ്ടിവന്നില്ല. ഗുരുതരമായ 2 ചട്ടലംഘനങ്ങൾ ദൃശ്യങ്ങളിലുണ്ടായിരുന്നു. 1. ലോക്കൽ പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നിട്ടും അവരെ മറികടന്ന് കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെ സുരക്ഷാസംഘം തല്ലിച്ചതച്ചു. 2. ഡ്യൂട്ടിക്കിടെ കയ്യിൽ വയ്ക്കാൻ പാടില്ലാത്ത വസ്തുകൊണ്ടു (വടി) മർദിച്ചു. സാക്ഷിമൊഴികളും ആദ്യം കേസന്വേഷിച്ച ആലപ്പുഴ ഡിവൈഎസ്പിയുടെ വെളിപ്പെടുത്തലും കൂടിയായതോടെ കേസിനു ബലമായി.സുരക്ഷാസംഘത്തിന്റെ മർദനം അനാവശ്യമായിരുന്നുവെന്നും അച്ചടക്കനടപടിയെടുക്കണമെന്നും കാട്ടി ആലപ്പുഴ എസ്പിയായിരുന്ന ചൈത്ര തെരേസ ജോൺ റിപ്പോർട്ട് നൽകിയെങ്കിലും ആഭ്യന്തര വകുപ്പ് അതു പൂഴ്ത്തി. കേസന്വേഷിച്ച ആലപ്പുഴ ഡിവൈഎസ്പിയെയും സംഘത്തെയും തിരുവനന്തപുരത്തേക്കു വിളിപ്പിച്ച എഡിജിപി അജിത്കുമാർ കേസ് ഡയറി തിരുത്തി. സുരക്ഷാസംഘം നടത്തിയതു മർദനമല്ല, മറിച്ച് ഒൗദ്യോഗിക കൃത്യനിർവഹണമാണെന്ന് റഫർ റിപ്പോർട്ടിൽ രേഖപ്പെടുത്തി. അതു കോടതിയിൽ സമർപ്പിച്ച് അവർക്കു രക്ഷാവഴിയൊരുക്കി. റിപ്പോർട്ട് തള്ളിയ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും മുൻ സർക്കാർ നടപടിയെടുത്തില്ല. രാഷ്ട്രീയ, പൊലീസ് തലങ്ങളിലെ ഇടപെടലുകളിലൂടെ കുഴിച്ചുമൂടിയ സംഭവമാണ് യുഡിഎഫ് സർക്കാർ ‘കുത്തിപ്പൊക്കിയത്’.
Source link


