NEWS
ചെന്നൈയിലേക്ക് പുറപ്പെടാനുള്ള ഇൻഡിഗോ വിമാനത്തിൽ പുക; യാത്രക്കാരെ പുറത്തിറക്കി

ബെംഗളൂരു ∙ ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെടാനായി റൺവേയിലേക്ക് നീങ്ങുകയായിരുന്ന 6E 6017 നമ്പർ വിമാനത്തിലാണ് സംഭവം. സുരക്ഷ മുൻനിർത്തി യാത്രക്കാരെയും ജീവനക്കാരെയും ഉടനടി വിമാനത്തിൽ നിന്ന് ഒഴിപ്പിക്കുകയായിരുന്നുവെന്നും ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇൻഡിഗോ എയർലൈൻസ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.‘‘യാത്രക്കാരും വിമാന ജീവനക്കാരും പൂർണ സുരക്ഷിതരാണ്. ഇവരെ വിമാനത്താവളത്തിലെ ടെർമിനലിലേക്ക് മാറ്റിയിട്ടുണ്ട്. യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ ഞങ്ങളുടെ പ്രത്യേക സംഘം സ്ഥലത്തുണ്ട്’’– ഇൻഡിഗോ അറിയിച്ചു. ചെന്നൈയിലേക്കുള്ള യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കാത്തിരിക്കുന്ന സമയത്ത് അവർക്ക് ലഘുഭക്ഷണങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു. വിമാനത്തിൽ പുക ഉയർന്നതിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Source link


