test del 1

വിവാഹിതയായത് 15-ാം വയസിൽ; 22-ാം വയസിൽ ആറാമത്തെ പ്രസവം

ലക്‌നൗ: 22-ാമത്തെ വയസിൽ ആറാമത്തെ കുഞ്ഞിന് ജന്മം നൽകാനൊരുങ്ങി യുവതി. 15-ാമത്തെ വയസിൽ വിവാഹിതയായ ഇവർക്ക് നാലു പെൺകുട്ടികളും ഒരു മകനുമുണ്ട്. രണ്ടാമതൊരു ആൺകുട്ടിയെക്കൂടി പ്രസവിക്കാനുള്ള ആഗ്രഹമാണ് വീണ്ടും കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള കാരണമെന്ന് യുവതിയും ഭർത്താവും പറയുന്നു. ഉത്തർപ്രദേശിലെ സ്‌പന്ദൻ ആശുപത്രിയിൽ യുവതിയെ ചികിത്സിക്കുന്ന ഡോക്‌ടറാണ് ദമ്പതികളുമായുള്ള സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

യുവതിയുടെയും ഭർത്താവിന്റെയും സമ്മതത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ഡോ‌ക്‌ടർ വ്യക്തമാക്കുന്നുണ്ട്. തങ്ങൾക്ക് തുടർച്ചയായി പെൺകുട്ടികളാണ് ജനിച്ചതെന്നും ഒരു മകൻ മാത്രമാണുള്ളതെന്നും ദമ്പതികൾ പറയുന്നുണ്ട്. കുടുംബം പോറ്റാനും കുടുംബപരമ്പര തുടരാനും ഒരു മകൻ മാത്രം പോരെന്നാണ് ഭർത്താവിന്റെ അഭിപ്രായം. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനമാണ് ദമ്പതികളെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് സോഷ്യൽ മീഡിയ വിലയിരുത്തുന്നു.

ഇത്രയും ചെറിയ പ്രായത്തിൽ ആവർത്തിച്ച് ഗർഭം ധരിക്കുന്നതിലൂടെ സംഭവിക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഡോക്‌ടർ ദമ്പതികൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിനകം തന്നെ യുവതിക്ക് ശ്വാസതടസം, തലകറക്കം, ശരീരവേദന തുടങ്ങിയ പ്രയാസങ്ങൾ അനുഭവപ്പെടുന്നുണ്ട്. ആരോഗ്യം വീണ്ടെടുക്കാനുള്ള ഇടവേളകൾ സ്വീകരിക്കാതെ നടത്തുന്ന ആവർത്തിച്ചുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാക്കുമെന്നും ഡോക്‌ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിനുവേണ്ടി സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന സാമൂഹിക സമ്മർദ്ദത്തെ സോഷ്യൽ മീഡിയ വലിയ രീതിയിൽ വിമർശിക്കുന്നുണ്ട്. ഗർഭനിരോധനത്തെയും കുടുംബാസൂത്രണത്തെയും കുറിച്ചുള്ള അറിവില്ലായ്‌മ, നേരത്തെയുള്ള വിവാഹം, ലിംഗവിവേചനം തുടങ്ങിയ സാമൂഹികപ്രശ്‌നങ്ങളെയും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്.


Source link

Back to top button