വെറും അഞ്ച് മാസം; 84 കിലോ ഭാരം 54ലേക്ക്, 30 കിലോ കുറച്ചതിന്റെ രഹസ്യവുമായി ഇൻഫ്ളുവൻസർ

ജിമ്മിൽ പോയി എത്ര നേരം വർക്കൗട്ട് ചെയ്താലും ശരീരഭാരം കുറയ്ക്കാൻ സാധിക്കാത്ത ഒരുപാട് പേരുണ്ട്. ഒരു പക്ഷേ, ശരീരഭാരം കുറയ്ക്കാൻ ആദ്യം വേണ്ടത് അച്ചടക്കത്തോടെയുള്ള ജീവിതശൈലിയാണ്. അത് ഇല്ലാത്തതാണ് പലപ്പോഴും ഫിറ്റ്നെസ് ശൈലിയിലെ പാളിച്ചകളുടെ പ്രധാന കാരണം. എന്നാൽ ഈ അച്ചടക്കം കൃത്യമായി പാലിച്ച് ശരീരഭാരത്തിൽ മികച്ചൊരു ട്രാൻസ്ഫർമേഷൻ നടത്തിയ യുവതിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
അഞ്ച് മാസങ്ങൾക്കൊണ്ട് ശരീരഭാരം 84 കിലോയിൽ നിന്ന് 54 കിലോയിലേക്ക് എത്തിച്ച കഥയാണ് ഫിറ്റ്നെസ് ഇൻഫ്ളൂവൻസറായ അഞ്ജലി പറയുന്നത്. മണിക്കൂറുകളോളം ഓടാതെയും രണ്ട് മണിക്കൂർ പോലും ജിമ്മിൽ ചെലവിടാതെയുമാണ് അഞ്ജലി തന്റെ ലക്ഷ്യത്തിലേക്ക് എത്തിയത്. ഒരു ദിവസം 4,000 സ്റ്റെപ്പ് നടന്നാണ് അഞ്ജലി തന്റെ ഫിറ്റ്നെസ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. എന്നാൽ ദിവസേന 10,000 സ്റ്റെപ്പുകൾ നടക്കുന്നവർ ഇത് കേട്ട് ചിലപ്പോൾ ചിരിച്ചേക്കാം.
എന്നാൽ തുടക്കത്തിൽ ഒരിക്കലും 10,000 സ്റ്റെപ്പ് നടത്തം ലക്ഷ്യം വയ്ക്കരുത്. ഇങ്ങനെ ചെയ്താൽ കാൽമുട്ട് വേദന, സന്ധിവേദന, ക്ഷീണം തുടങ്ങിയവ അനുഭവപ്പെടും. ഇത് നിങ്ങൾക്ക് മുന്നോട്ടുള്ള യാത്ര കഠിനമാക്കിയേക്കാം. തുടക്കത്തിൽ ഒരിക്കലും നിങ്ങളുടെ ലക്ഷ്യം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കലല്ല. സ്ഥിരത ഉറപ്പുവരുത്തുകയാണ്. ശേഷം രണ്ടാം ഘട്ടത്തിൽ നടത്തം 8000 സ്റ്റെപ്പിലേക്ക് ഉയർത്തുക. ഇതോടൊപ്പം ആഴ്ചയിൽ രണ്ട് തവണ കാർഡിയോ സെഷൻ ചെയ്യുക. മൂന്നാം ഘട്ടത്തിൽ നടത്തം 10,000 മുതൽ 12,000 വരെയാക്കുക. നാലാം ഘട്ടത്തിൽ 15,000, അഞ്ചാം ഘട്ടത്തിൽ 20,000 എന്നിങ്ങനെയാക്കി ഉയർത്തുക. ഇതോടൊപ്പം ആഴ്ചയിൽ മൂന്ന് കാർഡിയോ സെഷൻ കൂടി അഞ്ജലി ഉൾപ്പെടുത്തി.
എന്നാൽ ഈ വ്യായാമ രീതി മാത്രമല്ല, അഞ്ജലി അവലംബിച്ചത്. കാലറി ഡെഫിസിറ്റ് ഡയറ്റ് കൂടി അവർ ജീവിത ശൈലിയിൽ ഉൾപ്പെടുത്തി. കഴിക്കുന്ന ഭക്ഷണത്തിന്റെ ഊർജത്തേക്കാൾ കൂടുതലായി കാർഡിയോ കൂടി ചെയ്തത് അഞ്ജലിയുടെ ശരീരഭാരം കുറയ്ക്കാൻ വലിയ സഹായകമായി. എന്നാൽ ഇത് മാത്രമല്ല, അഞ്ജലിയെ സഹായിച്ചത്. ഭക്ഷണവും ഉറക്കവും കൃത്യമായ സമയത്ത് ലഭ്യമാക്കുക കൂടി ചെയ്തു.
Source link


