test del 1

‘അക്കൗണ്ട് തടഞ്ഞത് ബുദ്ധിശൂന്യം’; കോക്രോച്ച് പാർട്ടി തരംഗം പ്രതിപക്ഷം ഉപയോഗിക്കണമെന്ന് തരൂർ

ന്യൂഡൽഹി: ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്‌മയായ കോക്രോച്ച് ജനതാ പാർട്ടി തരംഗം പ്രതിപക്ഷം കൈവിട്ടുകളയരുതെന്ന് ശശി തരൂർ എംപി. ഈ അവസരം പ്രതിപക്ഷം വിനിയോഗിക്കണമെന്നും തരൂർ എക്സിൽ കുറിച്ചു. വലിയ ചർച്ചകൾക്ക് വഴിവെച്ച കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്ത നടപടിയെയും തരൂർ ചോദ്യം ചെയ്തു.

അക്കൗണ്ട് റദ്ദാക്കിയ നടപടിയെ ബുദ്ധിശൂന്യമെന്ന് വിശേഷിപ്പിച്ച തരൂര്‍, യുവാക്കൾക്ക് തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഇത്തരം വേദികൾ ആവശ്യമാണെന്നും വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിൽ 19 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ പെട്ടെന്നുള്ള ഉയർച്ചയിൽ തനിക്ക് കൗതുകം തോന്നിയെന്നും തരൂ‌ർ പറഞ്ഞു. ബുധനാഴ്ചയാണ് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന സിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തത്.

“യുവാക്കളുടെ നിരാശയും നിസ്സഹായാവസ്ഥയും എനിക്ക് മനസ്സിലാകും. അതുകൊണ്ടാണ് അവർ ഈ കൂട്ടായ്മയെ ഇത്രത്തോളം പിന്തുണയ്ക്കുന്നത്. അതുകൊണ്ടുതന്നെ, ഇവരുടെ എക്സ് അക്കൗണ്ട് തടഞ്ഞുവെച്ച നടപടി തികച്ചും തെറ്റായ നടപടിയാണ്. യുവാക്കൾക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഒരിടം വേണം, അതിനാൽ സിജെപിയുടെ അക്കൗണ്ട് പൂട്ടിമുദ്രവയ്ക്കാതെ അത് പ്രവർത്തിക്കാൻ അനുവദിക്കണം. ഒരു ജനാധിപത്യ രാജ്യത്തിൽ വിയോജിപ്പുകൾക്കും തമാശകൾക്കും ആക്ഷേപഹാസ്യങ്ങൾക്കും, എന്തിനേറെ മനുഷ്യരുടെ നിരാശകൾ പോലും തുറന്നുപറയാനുള്ള വേദികൾ ആവശ്യമാണ്”- തരൂർ എക്സിൽ കുറിച്ചു.

ഈ പ്രസ്ഥാനത്തിന്റെ ഭാവി എന്താകുമെന്ന് ഉറപ്പില്ലെങ്കിലും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന യുവാക്കൾ തങ്ങളുടെ ഈ ഊർജ്ജം മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ തരംഗം ഉൾക്കൊണ്ട് യുവാക്കളെ തങ്ങളിലേക്ക് ആകർഷിക്കാൻ പ്രതിപക്ഷം ശ്രദ്ധിക്കണമെന്ന് ഉപദേശിച്ചുകൊണ്ടാണ് തരൂർ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപക പ്രസിഡന്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന അഭിജീത് ദിപ്കെയാണ് ഈ പ്ലാറ്റ്‌ഫോമിന് പിന്നിൽ. വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റുകൾ നൽകുന്നത് നിരോധിക്കുക, പാർലമെന്റിന്റെ അംഗസംഖ്യ വർദ്ധിപ്പിക്കാതെ തന്നെ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുക, പാർട്ടി മാറുന്ന ജനപ്രതിനിധികൾക്ക് 20 വർഷത്തെ വിലക്കേർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങുന്ന ഒരു പ്രകടനപത്രികയും സിജെപി പുറത്തിറക്കിയിട്ടുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS, SHASHI THAROOR, COCKROACH JANATHA PARTY, VIRAL, CONGRESS


Source link

Back to top button