test del 5 copy of del 3
‘ഗോവിന്ദന്റെ നിലപാടുകൾ തിരിച്ചടിച്ചു, പിണറായിയുടെ ധാർഷ്ട്യം അനവസരത്തിൽ; നടപടി ഭയന്ന് ആരും തുറന്നുപറയുന്നില്ല’

കോവളം / വെഞ്ഞാറമൂട് (തിരുവനന്തപുരം) ∙ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന സിപിഎം കോവളം, വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി യോഗങ്ങളിലും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവർക്കു വിമർശനം. പിണറായി വിജയന്റെയും എം.വി.ഗോവിന്ദന്റെയും പ്രവർത്തനശൈലി ശരിയല്ലെന്ന് കോവളം ഏരിയ കമ്മിറ്റി യോഗത്തിൽ അഭിപ്രായമുയർന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ‘വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന പിണറായി വിജയന്റെ ധാർഷ്ട്യം നിറഞ്ഞ പറച്ചിൽ അനവസരത്തിലായി. ഇത് അഹങ്കാരമായി ജനം വിലയിരുത്തി. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പ്രശ്നങ്ങൾ പാർട്ടി ശരിയായി കൈകാര്യം ചെയ്തില്ല. അവിടെ വിമർശനം ഉയർത്തിയവർ ശരിയായ പാർട്ടിക്കാരായിരിക്കെ, അവരെ വിമതരാക്കി. അവർ ഉന്നയിച്ച കാര്യങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്യാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. പിബി അംഗം കൂടിയായ പിണറായി വിജയൻ ആ വിഷയങ്ങളിൽ മൗനം പാലിച്ചതു ശരിയായില്ലെന്നും വിമർശനമുയർന്നു.മന്ത്രിമാരുടെ ഭരണനിർവഹണ പ്രക്രിയയിൽ കമ്യൂണിസ്റ്റ് ഇടപെടൽ പ്രകടമായില്ല. ഭരണവിരുദ്ധ വികാരമല്ല, ജനകീയമായ ശൈലി ഇല്ലാതിരുന്നതാണ് പരാജയ കാരണമെന്നും അംഗങ്ങളിൽ ചിലർ പറഞ്ഞു. തീരുമാനങ്ങൾ പലതും മുഖ്യമന്ത്രിയിൽ മാത്രം കേന്ദ്രീകരിച്ചു. സംസ്ഥാനമൊട്ടാകെ സ്ഥാപിച്ച പ്രചാരണ ബോർഡുകളിൽ പിണറായിയുടെ ചിത്രം മാത്രം ഉൾപ്പെടുത്തിയതും വിമർശിക്കപ്പെട്ടു. പ്രതിപക്ഷനേതാവായി പിണറായിയെ വേണമെന്നും വേണ്ടെന്നും അഭിപ്രായം ഉയർന്നു. പി.ജയരാജനെപ്പോലുള്ള നേതാക്കളെ ഉയർത്തിക്കൊണ്ടു വരേണ്ടതായിരുന്നെന്ന അഭിപ്രായവുമുണ്ടായി. തെറ്റുകുറ്റങ്ങളുണ്ടായപ്പോൾ തന്നെ അവ ചൂണ്ടിക്കാണിക്കാതെ, പരാജയപ്പെട്ട ശേഷം അംഗങ്ങൾ വിമർശനം ഉന്നയിക്കുന്നതു ശരിയല്ലെന്ന് ഒരു വിഭാഗം അംഗങ്ങൾ പറഞ്ഞു. സംസ്ഥാന കമ്മിറ്റി പ്രതിനിധിയായ എസ്.രാജേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
Source link


