‘കെഎസ്ആർടിസിയിലെ സൗജന്യയാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ല, സമ്പത്തുണ്ട്, അതിനെ ഉപയോഗപ്പെടുത്തും’

തിരുവനന്തപുരം: ജൂൺ 15മുതൽ എല്ലാ സ്ത്രീകൾ കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കെഎസ്ആർടിസിയെ മെച്ചപ്പെടുത്തുന്നതിന് വേണ്ട വിശദമായ ചർച്ച നടത്തുന്നുണ്ട്. കെഎസ്ആർടിസിയെ നഷ്ടമല്ലാത്ത സ്ഥിതിയിൽ എത്തിക്കുകയാണ് ലക്ഷ്യം. സമ്പത്തുണ്ട്, അതിനെ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. എല്ലാ സ്ത്രീകൾക്കും ജൂൺ 15 മുതൽ സൗജന്യം യാത്ര നൽകും. സ്ത്രീകൾക്ക് വേണ്ടിയാണ് ഈ സർക്കാർ നിൽക്കുന്നത്. പദ്ധതി നടത്തിപ്പിനെ കുറിച്ച് പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഏതൊക്കെ സർവീസുകളിൽ സൗജന്യം എന്നതിൽ ചർച്ച നടക്കുകയാണ്. മുഖ്യമന്ത്രി ഇതിന്റെ കാര്യങ്ങൾ പൊതുജനങ്ങൾ മുന്നിൽ അവതരിപ്പിക്കും. തൊഴിലിടത്തേക്ക് പോകുന്ന വനിതകൾക്ക് കെെത്താങ്ങാകും. സൗജന്യയാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ല. അത് സർക്കാർ നടപ്പിലാക്കും’- സി പി ജോൺ വ്യക്തമാക്കി.
അതേസമയം, കെഎസ്ആര്‍ടിസി മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാല്‍ 112 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഓര്‍ഡിനറി ബസില്‍ മാത്രം നടപ്പിലാക്കിയാല്‍ 57 കോടിയുടെ ബാധ്യതയാവും സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരിക. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് യുഡിഎഫ് നല്‍കിയ ഗ്യാരന്റികളിലെ പ്രധാന വാഗ്ദാനമായിരുന്നു അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയെന്നത്.
Source link
NEWS


