test del 3
നഗരസഭകളിലെ ഹരിതകർമ സേനാംഗങ്ങളുടെ വരുമാനം വർധിപ്പിക്കാൻ സംരംഭ വികസന പദ്ധതി

പത്തനംതിട്ട ∙ സംസ്ഥാന ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നഗരസഭകളിലെ ഹരിതകർമസേന അംഗങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനു സംരംഭ വികസന പദ്ധതി രൂപീകരിക്കും. ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ (കെഎസ്ഡബ്ല്യുഎംപി) ഭാഗമായി സംസ്ഥാനത്തെ എല്ലാ നഗരസഭകളിലുമാണു പദ്ധതി നടപ്പാക്കുന്നത്. ഹരിതകർമ സേനാംഗങ്ങളുടെ നിലവിലെ വരുമാന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളോടു ബന്ധപ്പെട്ട പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ പ്രോത്സാഹനം നൽകുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതു സംബന്ധിച്ച പുതുക്കിയ മാർഗ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി.ബിസിനസ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ മൂലധനം, ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സഹായം, ആറുമാസം വരെയുള്ള വർക്കിങ് ക്യാപ്പിറ്റൽ, പരിശീലനവും സാങ്കേതിക പിന്തുണയും കെഎസ്ഡബ്ല്യുഎംപി മുഖേന നൽകും. ഹരിതകർമ സേനാംഗങ്ങളുടെ താൽപര്യവും പ്രാദേശിക ആവശ്യങ്ങളും വിലയിരുത്തി അനുയോജ്യമായ ബിസിനസ് മോഡലുകൾ നഗരസഭകൾക്കു തിരഞ്ഞെടുക്കാം. സംരംഭങ്ങളുടെ തുടർ നിരീക്ഷണവും നഗരസഭകൾക്ക് ചുമതലയായിരിക്കും. പദ്ധതിയുടെ പ്രവർത്തനം വിലയിരുത്താൻ നഗരസഭ തലത്തിൽ ജോയിന്റ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. സംരംഭങ്ങൾ വിജയകരമാക്കുന്നതിനായി ഹരിതകർമസേനാംഗങ്ങൾക്ക് ബിസിനസ് മാനേജ്മെന്റ്, അക്കൗണ്ടിങ്, മാർക്കറ്റിങ്, ഉൽപന്ന വികസനം തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകും. ഉൽപന്നങ്ങളുടെ വിപണനത്തിനായി കുടുംബശ്രീ, ഹരിതകേരളം മിഷൻ തുടങ്ങിയ ഏജൻസികളുടെ സഹകരണവും ഉറപ്പാക്കും.
Source link


