NATIIONAL
ബംഗ്ലദേശിനോട് പാക്കിസ്ഥാൻ തോറ്റപ്പോൾ തിരിച്ചടി കിട്ടിയത് ഇന്ത്യയ്ക്ക്, ടെസ്റ്റ് ചാംപ്യൻഷിപ്പ് പട്ടികയിൽ താഴേക്ക്

മുംബൈ∙ സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ബംഗ്ലദേശ് പാക്കിസ്ഥാനെ 2–0ന് തോൽപിച്ചതിനു പിന്നാലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയ്ക്കു തിരിച്ചടി. പോയിന്റ് പട്ടികയിൽ നിലവിൽ ആറാം സ്ഥാനത്തേക്കാണ് ഇന്ത്യ വീണത്. ബംഗ്ലദേശ് നേട്ടമുണ്ടാക്കിയതോടെ ഇന്ത്യ പിന്നിലേക്കു പോകുകയായിരുന്നു. ഒൻപതു മത്സരങ്ങളിൽനിന്ന് 52 പോയിന്റുള്ള ഇന്ത്യയുടെ പോയിന്റ് ശതമാനം 48.15 ആണ്. പോയിന്റ് ശതമാനം 87.50 ഉള്ള ഓസ്ട്രേലിയയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ന്യൂസീലൻഡും ദക്ഷിണാഫ്രിക്കയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പോയിന്റ് പട്ടികയിൽ ഇന്ത്യയ്ക്കും മുകളിലാണ് ബംഗ്ലദേശിന്റെ സ്ഥാനം. അഞ്ചാമതുള്ള ബംഗ്ലദേശ് നാലു മത്സരങ്ങൾ കളിച്ചപ്പോൾ രണ്ടു വിജയങ്ങളും ഒരു തോൽവിയും സമനിലയുമാണു സ്വന്തമാക്കിയത്. 28 പോയിന്റുള്ള ബംഗ്ലദേശിന്റെ പോയിന്റ് ശതമാനം 58.33 ആണ്.രണ്ടാം ടെസ്റ്റിൽ 78 റൺസിനു തോൽപിച്ചതോടെയാണ് ബംഗ്ലദേശ് ‘വൈറ്റ് വാഷ്’ വിജയം സ്വന്തമാക്കിയത്. ബംഗ്ലദേശ് സ്വന്തം മണ്ണിൽ പാക്കിസ്ഥാനെതിരെ സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയമാണിത്. രണ്ടാം ഇന്നിങ്സിൽ 437 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 358ന് ഓൾഔട്ടാകുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് റിസ്വാൻ (166 പന്തിൽ 94), ക്യാപ്റ്റൻ ഷാൻ മസൂദ് (116 പന്തിൽ 71), സൽമാൻ ആഗ (102 പന്തില്‍ 71) എന്നിവർ അർധ സെഞ്ചറികളുമായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. രണ്ടാം ഇന്നിങ്സിൽ 34.2 ഓവറിൽ 120 റൺസ് വഴങ്ങി ആറു വിക്കറ്റുകൾ വീഴ്ത്തിയ ബംഗ്ലദേശ് സ്പിന്നര്‍ തൈജുൽ ഇസ്ലാമാണ് പാക്കിസ്ഥാനെ പ്രതീക്ഷകളെ തകർത്തെറിഞ്ഞത്.ഓപ്പണർ മഹ്മുദുൽ ഹസൻ ജോയ് (64 പന്തിൽ 52), ലിറ്റൻ ദാസ് (92 പന്തിൽ 69) എന്നിവർ അർധ സെഞ്ചറികൾ കൂടി നേടിയതോടെ ബംഗ്ലദേശിന് മികച്ചൊരു വിജയലക്ഷ്യം പാക്കിസ്ഥാനു മുന്നിൽ വയ്ക്കാൻ സാധിച്ചു. 390 റൺസാണ് ബംഗ്ലദേശ് രണ്ടാം ഇന്നിങ്സിൽ സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ബംഗ്ലദേശ് 46 റൺസിന്റെ ലീഡ് നേടിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 278 റൺസടിച്ചപ്പോൾ, പാക്കിസ്ഥാന്റെ മറുപടി 232 ൽ അവസാനിച്ചു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശ് 104 റൺസിനു വിജയിച്ചിരുന്നു.
Source link


