test del 5 copy of del 3
ലോക ഫുട്ബോൾ മാമാങ്കത്തിന് ഞെട്ടിക്കും ടെക്നോളജി! ഗ്രൗണ്ടിൽ വിസ്മയമാകാൻ ‘ശാസ്ത്രീയ പുൽത്തകിടികൾ’

ഫുട്ബോൾ ലോകം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, മത്സരങ്ങൾ നടക്കുന്ന പുൽമൈതാനങ്ങളെ മികച്ചതാക്കാനുള്ള തീവ്രശ്രമത്തിലാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. ടൂർണമെന്റിലെ 104 മത്സരങ്ങൾക്കും വേദിയാകുന്ന 16 സ്റ്റേഡിയങ്ങളിലെ പുല്ലിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കഴിഞ്ഞ എട്ട് വർഷമായി ഇവർ നടത്തിയ ഗവേഷണങ്ങളുടെ ഫലമാണ് ഇനി ലോകം കാണാൻ പോകുന്നത്. ഒരു കളിയുടെ ഗതിയും കളിക്കാരുടെ സുരക്ഷിതത്വവും നിശ്ചയിക്കുന്നതിൽ പുൽമൈതാനങ്ങൾക്കുള്ള പങ്ക് ചെറുതല്ലെന്ന് ശാസ്ത്രലോകം അടിവരയിടുന്നു.∙ പുല്ലിനെ മെരുക്കുന്ന ‘ഗ്രാസ് ഗുരുവും’ സംഘവും ഈ ദൗത്യം വിജയകരമാക്കാൻ ഫിഫ ചുമതലപ്പെടുത്തിയിരിക്കുന്നത് ടെന്നസി സർവകലാശാലയിലെ പ്രഫസറായ ജോൺ സൊറോച്ചൻ, മിഷിഗൺ സ്റ്റേറ്റ് സർവകലാശാലയിലെ പ്രഫസർ ട്രേ റോജേഴ്സ് എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തെയാണ്. പുൽത്തകിടി ശാസ്ത്രത്തിലെ (Turfgrass Science) പ്രമുഖരായ ഇവർ കഴിഞ്ഞ എട്ട് വർഷത്തിനിടെ 170ലധികം പരീക്ഷണങ്ങളാണ് നടത്തിയത്. പ്രത്യേക യന്ത്രങ്ങൾ ഉപയോഗിച്ച് ഫുട്ബോളുകൾ മൈതാനത്തേക്ക് അതിവേഗം പായിച്ചും, ബൂട്ട് ഘടിപ്പിച്ച ഇരുമ്പ് യന്ത്രങ്ങൾ കൊണ്ട് പുല്ലിൽ ചവിട്ടി നോക്കിയും പന്തിന്റെ വേഗവും ബൗൺസും കളിക്കാരുടെ സുരക്ഷിതത്വവും ഇവർ കൃത്യമായി അളന്നു തിട്ടപ്പെടുത്തി. പുല്ലിന്റെ നീളത്തിൽ ഉണ്ടാകുന്ന വെറും 5 മില്ലിമീറ്ററിന്റെ വ്യത്യാസം പോലും കളിയുടെ വേഗത്തെ ബാധിക്കുമെന്നാണ് സൊറോച്ചൻ പറയുന്നത്. ‘ചില പുൽത്തകിടികൾ പന്തിനെ വെൽക്രോ പോലെ പിടിച്ചുവയ്ക്കും, എന്നാൽ ശരിയായ രീതിയിൽ തയാറാക്കിയാൽ അത് അതിവേഗ പാസിങ്ങിന് സഹായിക്കുന്ന മനോഹരമായ ഒരു പരവതാനി പോലെയായി മാറും.’ – ജോൺ സൊറോച്ചൻ പറഞ്ഞു.∙ വലിയ പിസ്സ കട്ടറുകളും ശീതീകരിച്ച ട്രക്കുകളും കൊളറാഡോയിലെ ഡെൻവറിലുള്ള ‘ഗ്രീൻ വാലി ടർഫ് കമ്പനി’ എന്ന കൂറ്റൻ പുൽത്തകിടി ഫാമിലാണ് ഇതിനാവശ്യമായ പുല്ല് വളർത്തുന്നത്. മണ്ണിൽ വളർത്തുന്നതിന് പകരം, പ്ലാസ്റ്റിക് ഷീറ്റുകൾക്ക് മുകളിൽ മണൽ വിരിച്ചാണ് ഇവിടെ പുല്ല് പാകിയിരിക്കുന്നത്. ഇത് പുല്ല് വേരോടെ പിഴുതെടുക്കുമ്പോൾ വേരുകൾക്ക് കേടുപാടുകൾ വരാതിരിക്കാൻ സഹായിക്കും. കടൽ പായലുകൾ, സിലിക്ക, പ്രത്യേക വളങ്ങൾ എന്നിവ നൽകി വളരെ കൃത്യതയോടെയാണ് ഫാം തൊഴിലാളികൾ ഈ പുല്ലിനെ പരിപാലിക്കുന്നത്. മത്സരത്തിന് വെറും 10 ദിവസം മുൻപ് മാത്രമാണ് പല സ്റ്റേഡിയങ്ങളിലും ഈ പുല്ല് പാകുക. ഇതിനായി വൈകുന്നേരങ്ങളിൽ പുല്ല് ഉണങ്ങിയിരിക്കുന്ന സമയത്ത്, ‘വലിയ പിസ്സ കട്ടറുകൾ’ പോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് 4 അടി വീതിയുള്ള സ്ട്രിപ്പുകളായി ഇവ മുറിച്ചെടുക്കുന്നു. തുടർന്ന് ഇവ റോൾ ചെയ്ത്, കേടുപാടുകൾ വരാതിരിക്കാൻ രാത്രി ഒൻപത് മണിയോടെ ശീതീകരിച്ച ട്രക്കുകളിൽ കയറ്റി വിവിധ സ്റ്റേഡിയങ്ങളിലേക്ക് കൊണ്ടുപോകുന്നു. ലക്ഷക്കണക്കിന് ചതുരശ്ര അടി പുല്ലാണ് ഇത്തരത്തിൽ വടക്കേ അമേരിക്കയിലുടനീളം എത്തിക്കുന്നത്.
Source link


