പ്രതിസന്ധി തമിഴ്‌നാട്ടിലും കർണാടകയിലും, പക്ഷേ പണി കിട്ടിയത് കേരളത്തിന്

മലപ്പുറം: വേനലിൽ കോഴി ഉത്പാദനത്തിൽ കാര്യമായ കുറവുണ്ടായതോടെ ചിക്കൻ വില വലിയതോതിൽ ഉയരുന്നു. ഒരാഴ്ചക്കിടെ കിലോയ്ക്ക് 50 രൂപയുടെ വർദ്ധനവുണ്ടായി. നിലവിൽ ഒരുകിലോ കോഴിയിറച്ചിക്ക് 240 250 രൂപ നിരക്കിലാണ് വിൽപ്പന. 160 165 രൂപ വരെയാണ് ജീവനോടെ ഒരുകിലോ കോഴിക്ക് ഈടാക്കുന്നത്.ഓരോ പ്രദേശത്തേയും ഫാമുകളിലെ കോഴിലഭ്യത അനുസരിച്ച് നിരക്കിൽ ചെറിയ ഏറ്റക്കുറച്ചിലുണ്ട്. ജില്ലയിലെ കേരള ചിക്കൻ ഔട്ട്‌ലെറ്റുകളിൽ ഇന്നലെ ലൈവ് ചിക്കന് കിലോയ്ക്ക് 158 രൂപയാണ് വില. അതേസമയം, തെക്കൻ ജില്ലകളിൽ കിലോയ്ക്ക് 170 രൂപ നൽകണം. കനത്ത ചൂട് മൂലം ജില്ലയിലെ നല്ലൊരു പങ്ക് ഫാമുകളും കോഴികളെ വളർത്തിയിരുന്നില്ല. തമിഴ്‌നാട്, ആന്ധ്ര, കർണ്ണാടക എന്നിവിടങ്ങളിലും ഉത്പാദനം കുറഞ്ഞത് തിരിച്ചടിയായി.ചൂട് കാലാവസ്ഥ കോഴികൾ കൂടുതലായി ചാവുന്നതിനും തൂക്കക്കുറവിനും കാരണമാവും. കോഴികൾ തീറ്റയെടുക്കുന്നത് കുറയും. സാധാരണ കാലാവസ്ഥയിൽ കോഴിക്ക് ശരാശരി രണ്ടര കിലോഗ്രാം വരെ തൂക്കം ലഭിക്കുമ്പോൾ വേനലിൽ രണ്ട് കിലോയിൽ താഴെയാണ് തൂക്കം ഉണ്ടായിരുന്നതെന്ന് കോഴി കർഷകർ പറയുന്നു. ഇതോടെ കൂടിയ വിലയിൽ കോഴിക്കുഞ്ഞിനെ വാങ്ങി 40 ദിവസം തീറ്റയും പരിചരണവുമേകി വിൽക്കുന്ന കർഷകർക്ക് കാര്യമായ വരുമാനം ലഭിക്കുന്നില്ല.കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരു കിലോ കോഴി ഉത്പാദിപ്പിക്കാൻ 110 130 രൂപ കേരളത്തിൽ ചെലവാകും.
Source link
NEWS


