test del 1

മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയെന്ന് വിശ്വസിച്ച് കോമയിൽ നിന്ന് ഉണർന്ന കൗമാരക്കാരി; കുഞ്ഞുങ്ങളെ കാണണമെന്ന് ആവശ്യം

ദീർഘനാൾ കോമയിൽ കഴിഞ്ഞതിനുശേഷം ജീവിതത്തിലേക്ക് തിരികെ വന്ന നിരവധിപേരുണ്ട്. ചിലർ ആഴ്‌ചകൾ കൊണ്ട് സുഖപ്പെടും, ചിലർക്ക് വർഷങ്ങൾ വേണ്ടിവരും. ജീവിതത്തിൽ നിന്നും നഷ്‌ടപ്പെട്ട ആ ദിവസങ്ങൾ അവരിലുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. ഫ്രാൻസിലെ ലിയോൺ സ്വദേശിനിയായ 19 കാരി കെല്ലിയ വേർഡിന്റെ അനുഭവം ഡോക്‌ടർമാരെയും കുടുംബാംഗങ്ങളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്നാഴ്‌ച നീണ്ട കോമയ്‌ക്ക് ശേഷം കണ്ണുതുറന്ന യുവതി ആദ്യം ചോദിച്ചത് സ്വന്തം ആരോഗ്യത്തെക്കുറിച്ചോ അപകടത്തെക്കുറിച്ചോ ആയിരുന്നില്ല. മറിച്ച്, തന്റെ മൂന്ന് പെൺകുട്ടികളെക്കുറിച്ചായിരുന്നു. പെൺകുട്ടി ഗർഭിണിയായിരുന്നില്ല എന്നതാണ് ഏറ്റവും ആശ്ചര്യമായ കാര്യം.

ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അമിതമായ അളവിൽ മരുന്നുകൾ കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ചതിനെത്തുടർന്നാണ് കെല്ലിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യം വഷളായതിനെ തുടർന്ന് മെഡിക്കൽ കോമയിലാകുകയായിരുന്നു. മൂന്നാഴ്‌ചയോളം കോമയിൽ കഴിഞ്ഞപ്പോൾ താൻ ഏഴുവർഷത്തോളം അമ്മയായി ജീവിച്ചതായാണ് കെല്ലിയ സ്വപ്‌നം കണ്ടതെന്ന് ഡോക്‌ടർമാർ വിശദീകരിക്കുന്നു. മിലാ, മൈൽസ്, മെയ്‌ലി എന്നിങ്ങനെയാണ് യുവതി കണ്ട സ്വപ്‌നത്തിലെ പെൺകുഞ്ഞുങ്ങളുടെ പേര്.

‘യഥാർത്ഥത്തിൽ പ്രസവിക്കുമ്പോഴുണ്ടാകുന്ന വേദനയും ഭയവും ഞാൻ അനുഭവിച്ചു. കുട്ടികളെ ആദ്യമായി കൈയിലെടുത്ത നിമിഷം ഇപ്പോഴും മനസിലുണ്ട്. ജനിച്ച ഉടൻ മെയ്‌ലി മരിച്ചിരുന്നു. അതിന്റെ ദു:ഖവും കുറ്റബോധവും ഞാൻ നന്നായി അനുഭവിച്ചു.കോമയിൽ നിന്ന് ഉണർന്ന ശേഷം കുട്ടികളെക്കുറിച്ചുള്ള തന്റെ ഓർമ്മകൾ വെറും സ്വപ്‌നമാണെന്ന് പറഞ്ഞത് വലിയ മാനസികാഘാതം ഉണ്ടാക്കി’ കെല്ലിയ പറയുന്നു.

‘കുഞ്ഞുങ്ങൾക്ക് ആഹാരം നൽകുന്നതും ഉറങ്ങുമ്പോൾ കഥ പറഞ്ഞുകൊടുക്കുന്നത് ഉൾപ്പടെയുള്ള നിമിഷങ്ങൾ ഇപ്പോഴും ഓർമ്മയുണ്ട്. ഇന്നും ഞാനെന്റെ മക്കളെ മിസ് ചെയ്യുന്നു. അത് വെറും സ്വപ്‌നമായിരുന്നെങ്കിലും അതിലൂടെ ഞാനൊരു അമ്മയായി ജീവിച്ചു. ആ അനുഭവം എന്റെ ഏക യാഥാർത്ഥ്യമായിരുന്നു’- കെല്ലിയ കൂട്ടിച്ചേർത്തു.

ന്യൂറോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, കോമാവസ്ഥയിലുള്ളവർക്ക് തികച്ചും യാഥാർത്ഥ്യമെന്ന് തോന്നുന്ന സ്വപ്‌നങ്ങൾ അനുഭവപ്പെടുന്നത് അപൂർവമല്ല. ചിലർക്ക് വർഷങ്ങളോളം നീണ്ട മറ്റൊരു ജീവിതം നയിച്ചെന്ന അനുഭവം ഉണ്ടാകാറുണ്ട്. എന്നാൽ, കെല്ലിയയുടെ അനുഭവം അതിന്റെ വികാരതീവ്രത കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്.


Source link

Back to top button