test del 1

സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പാമ്പ്: ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

പാറ്റ്ന: ബീഹാറിലെ സ്കൂളിൽ ഭക്ഷ്യവിഷബാധ. ഇരുന്നൂറോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹസ്ര ജില്ലയിലുള്ള ബൽവാഹ മിഡിൽ സ്കൂളിലാണ് സംഭവം. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ വയറുവേദനയും ഛർദ്ദിയും തലചുറ്റലും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . ചില കുട്ടികൾ സ്കൂളിൽ ബോധരഹിതരാവുകയും ചെയ്തു. ഇതിനു പിന്നാലെ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങളിൽ ഒന്നിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിനെയും ആരോഗ്യവകുപ്പിനെയും വിവരമറിയിച്ചു. സ്കൂളിലുണ്ടായിരുന്ന 545 വിദ്യാർത്ഥികളിൽ ഇരുന്നൂറോളം പേർ പാമ്പിനെ കാണുന്നതിന് മുമ്പ് തന്നെ ഭക്ഷണം കഴിച്ചിരുന്നു. ഈ കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. അൻപതോളം കുട്ടികളെ മഹിഷി പബ്ലിക് ഹെൽത്ത് സെന്ററിലും ശേഷിക്കുന്ന കുട്ടികളെ സദർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തെത്തുടർന്ന് രോഷാകുലരായ രക്ഷിതാക്കൾ സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു.

എൻ ജി ഒ തയ്യാറാക്കി നൽകുന്ന ഭക്ഷണമാണ് സ്കൂളിൽ വിതരണം ചെയ്യുന്നത്. സംഭവത്തിൽ ബീഹാർ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മജിസ്ട്രേറ്റ് ദീപേശ് കുമാർ സ്കൂൾ സന്ദർശിക്കുകയും ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. സ്കൂൾ അധികൃതരുടെയും ഭക്ഷണം വിതരണം ചെയ്യുന്ന ഏജൻസിയുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതർ വ്യക്തമാക്കി.


Source link

Back to top button