test del 4 copy of del 3

മുഖ്യമന്ത്രി തീരുമാനം ഡൽഹിയിൽനിന്ന്: കാത്തിരിക്കുന്നെന്ന് കുഞ്ഞാലിക്കുട്ടി; മന്ത്രിമാരാരെന്നതിൽ ധാരണയായെന്ന് സൂചന


മലപ്പുറം∙ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡൽഹിയിൽനിന്നുളള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ഈ വിഷയത്തിൽ തീരുമാനം കൈക്കൊള്ളാൻ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പാണക്കാട് ചേർന്ന മുസ്‌ലിം ലീഗിന്റെ നേതൃയോഗം അധികാരപ്പെടുത്തിയെന്നും അദ്ദേഹം യോഗത്തിനുശേഷം മാധ്യമങ്ങളോടു പറഞ്ഞു.മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരാനിരിക്കെയാണ് മുസ്‌ലിം ലീഗിന്റെ അടിയന്തര നേതൃയോഗം പാണക്കാട്ട് ചേർന്നത്. ലീഗ് മന്ത്രിമാരെ സംബന്ധിച്ചും യോഗത്തിൽ ഏകദേശ ധാരണയായി എന്നാണു വിവരം. പി.കെ.കുഞ്ഞാലിക്കുട്ടിയെ ലീഗ് പാർലമെന്ററി പാർട്ടി നേതാവ് ആക്കാനും തീരുമാനമായി. ലീഗ് മന്ത്രിമാർക്കു ലഭിക്കാനിടയുള്ള വകുപ്പുകൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ എന്നിവർക്കാണു മന്ത്രിസ്ഥാനങ്ങളിലേക്ക് മുൻഗണന എന്നാണു സൂചന. ഒരു മന്ത്രിസ്ഥാനം കൂടി ലഭിക്കാനുള്ള സാധ്യതയും ലീഗ് പരിശോധിക്കുന്നുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളെ ഇതുൾപ്പെടെയുള്ള വിഷയങ്ങളിൽ യുഡിഎഫ് നേതൃത്വവുമായി ചർച്ചയ്ക്കു നിയോഗിക്കാനും യോഗം തീരുമാനിച്ചു. ‌102 സീറ്റുകളുടെ മികച്ച വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതിൽ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നത് ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾഹമീദ്, ലീഗിന്റെ നിയുക്ത എംഎൽഎ ടി.വി.ഇബ്രാഹിം എന്നിവരുടെ വെളിപ്പെടുത്തലുകളിൽ പുറത്തുവന്നിരുന്നു. ജനവികാരം മാനിച്ചു വേണം മുഖ്യമന്ത്രി തീരുമാനം എന്ന അഭിപ്രായമാണ് ഹൈക്കമാൻഡ് നിരീക്ഷകരുമായി ചർച്ചയിൽ ലീഗ് നേതൃത്വം മുന്നോട്ടുവച്ചത്.


Source link

Back to top button