test del 1

‘പി. കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ  തെറ്റുപറ്റി ‘: പ്രതിപക്ഷ നേതാവാകാൻ   അർഹൻ  പിണറായിയെന്ന്  പാലോളി മുഹമ്മദ് കുട്ടി

മലപ്പുറം: തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ പാർട്ടിക്ക് തെറ്റുപറ്റിയെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ആദ്യ ഘട്ടത്തിൽ അഭിപ്രായ വ്യത്യാസം വന്നപ്പോൾ തന്നെ ശ്യാമളയെ ഒഴിവാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരിക്കെ പാർട്ടി കമ്മിറ്റികളിൽ നിർഭയമായി അഭിപ്രായം പറയാമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞത് മോശമായിപ്പോയെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


തിരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചത് എന്ന് പരിശോധിച്ച് തിരുത്തലുകൾ വരുത്തണമെന്ന് പറഞ്ഞ അദ്ദേഹം പ്രതിപക്ഷ നേതാവ് ആകാൻ അർഹൻ പിണറായി വിജയൻ തന്നെയാണെന്നും അഭിപ്രായപ്പെട്ടു.

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിലും പാർട്ടിക്ക് വീഴ്ച പറ്റിയതായി മുഹമ്മദ് കുട്ടി പറഞ്ഞു. വിഷയം ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമായിരുന്നു, തെറ്റ് സംഭവിച്ചു എങ്കിൽ നടപടി എടുക്കണമായിരുന്നു. എന്നാൽ പാർട്ടിയുടെ ഭാഗത്ത് നിന്ന് അത് ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേതൃത്വം മാറുകയല്ല തെറ്റ് തിരുത്തുകയാണ് വേണ്ടത്. യുവാക്കൾ നേതൃസ്ഥാനത്തേക്ക് വന്നാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കാണുന്നില്ല. യുവാക്കൾ വരണം, പാർട്ടി സംവിധാനത്തിൽ അതിനുള്ള തീരുമാനങ്ങളൊക്കെയുണ്ട്. അതൊന്നും യഥാർഥത്തിൽ ഈ പ്രശ്നത്തിനുള്ള പരിഹാരമല്ല. അതെന്താണെന്ന് കണ്ടെത്തി പരിഹരിക്കണമെന്നും പാലോളി മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു.


Source link

Back to top button