TRAVEL

300 അടി ഉയരത്തിൽനിന്നും നേർരേഖയായാണ് അഗുംബെയിലെ വെള്ളം താഴേക്ക് പതിക്കുന്നത്


മനോഹരമായ അനവധി വെള്ളച്ചാട്ടങ്ങളാണ് അഗുംബെയിലുള്ളത്. പറഞ്ഞുകേട്ട ആ ജലധാരകളായിരുന്നു അവിടെയെത്തിയപ്പോൾ മനസ്സുനിറയെ. രാവിലെ ചെറിയ തണുപ്പുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച കാലാവസ്ഥയായിരുന്നില്ല. അഗുംബെയിൽ എവിടെയൊക്കെ പോകണമെന്നത് സംബന്ധിച്ച് ഏകദേശ ധാരണയുണ്ടായിരുന്നു. കൂടുതലും വെള്ളച്ചാട്ടങ്ങൾ തന്നെ. ഹോട്ടലിലെ റിസപ്ഷനിസ്റ്റിനോട് കാര്യങ്ങൾ തിരക്കി. അദ്ദേഹം ഒരു വിസിറ്റിങ് കാർഡ് തന്നു. അതിന്റെ പിറകുവശത്തായി അഗുംബെയിൽ കാണേണ്ട പത്ത് സ്ഥലങ്ങൾ അടയാളപ്പെടുത്തിയിരുന്നു.ആദ്യം കുഡ്ലുതീർത്ഥ എന്ന് പേരുള്ള വെള്ളച്ചാട്ടം കാണാൻ തീരുമാനിച്ചു. സീതാ വെള്ളച്ചാട്ടം എന്ന് മറ്റൊരു പേരുമുണ്ട് ഇതിന്. ഉഡുപ്പി റൂട്ടിലൂടെ മുപ്പത് കിലോമീറ്റർ സഞ്ചരിച്ചാൽ അവിടെയെത്താം. സോമേശ്വര കാട്ടിനുള്ളിലാണ് കുഡ്‌ലുതീർത്ഥ. പതിനഞ്ച് കിലോമീറ്ററോളം കാട്ടിനുള്ളിലൂടെ യാത്രചെയ്തു വേണം ഇവിടെയെത്താൻ. രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവേശനസമയം.വനം വകുപ്പിന്റെ ഓഫീസിന് സമീപം വണ്ടി വച്ച് മൂന്ന് കിലോമീറ്ററോളം കാട്ടിനുള്ളിലൂടെ നടക്കണം. നടവഴിയുടെ തുടക്കത്തിൽ സിമന്റ് പടികളുണ്ട്. ഇടയ്ക്ക് സീതാനദി മുറിച്ചുകടക്കണം. ചെറിയൊരു പാലം കടന്ന് മറുകരയെത്തി. പിന്നെയും പടികൾ കയറണം. പക്ഷേ, ഓരോ പടികൾ കയറുമ്പോഴും വെള്ളച്ചാട്ടത്തിന്റെ ശബ്ദം അടുത്തടുത്ത് വരും. കാടിന്റെ നിശ്ശബ്ദതയെ ഭേദിച്ചുള്ള ആ ശബ്ദത്തിന്റെ മാസ്മരികതയിൽ, ക്ഷീണം മറന്ന് പടികൾ ഓടിക്കയറാൻ നമ്മൾ തയ്യാറാവും. പ്രകൃതി അങ്ങനെയാണല്ലോ നമ്മെ വിളിച്ചുവരുത്തുന്നതും.മനോഹരമായ കാഴ്ച തന്നെയായിരുന്നു ഞങ്ങളെ കാത്തിരുന്നത്. വേനൽക്കാലത്തും വെള്ളച്ചാട്ടത്തിന്റെ ഗാംഭീര്യത്തിന് ഒട്ടും കുറവില്ല. 300 അടി ഉയരത്തിൽനിന്നും നേർരേഖയായാണ് വെള്ളം താഴേക്ക് പതിക്കുന്നത്. താഴെ ആളുകൾ കുളിക്കുന്നുണ്ടായിരുന്നു. ഞാൻ അവിടെയൊക്കെ ചുറ്റി നടന്നു.നിറയെ വെള്ളാരം കല്ലുകളും പാറക്കഷണങ്ങളുമൊക്കയുള്ള സ്ഥലം. വെള്ളത്തിന്റെ ഒഴുക്കുമൂലം അവ മിനുസപ്പെടുകയും രൂപം മാറുകയുമൊക്കെ ചെയ്തിട്ടുണ്ട്. ചിലർ ആ കല്ലുകൾ ഒന്നിനുമീതെ അടുക്കി വെച്ച് പല പല രൂപങ്ങൾ നിർമിക്കുന്നു. കുറച്ച് ദൂരം മുകളിലേക്ക് പോയാൽ മംഗൾ തീർത്ഥ എന്ന മറ്റൊരു വെള്ളച്ചാട്ടം കൂടിയുണ്ടത്രെ!. അവിടേക്ക് പോകേണ്ടെന്ന് തീരുമാനിച്ച് ഞങ്ങൾ തിരിച്ചുനടന്നു.ദൂരെ പച്ചപ്പ് നിറഞ്ഞ ഉയരം കൂടിയ മരങ്ങൾ. തിരിച്ചിറക്കത്തിൽ മഴക്കാടുകളുടെ യഥാർഥ ഭംഗിയാസ്വദിച്ചാണ് പടികൾ ഇറങ്ങിയത്. അംഗുബെ എത്താൻ ഇനി ഏതാണ്ട് ആറു കിലോമീറ്റർ മാത്രമേയുള്ളൂ. അവിടെയാണ് ഒനേക അബി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. കാട്ടിനുള്ളിലെ ഈ വെള്ളച്ചാട്ടംഅടച്ചിട്ടിരിക്കുകയായിരുന്നു. അവിടെനിന്നും 10 കിലോമീറ്ററോളം പോയാൽ ബർഘാന വെള്ളച്ചാട്ടത്തിലെത്തും. അവിടേക്ക് പോകാൻ തീരുമാനിച്ചു. അവിടെ എത്തിയപ്പോഴും നിരാശയായിരുന്നു ഫലം.


Source link

Back to top button