test del 4 copy of del 3
തറക്കല്ലിട്ട് 41 വർഷം, പാലം നിർമിക്കാൻ നിർദേശം നൽകിയത് രാജീവ് ഗാന്ധി; ആ പ്രഖ്യാപനം പക്ഷേ ജലരേഖയായി !

കോവളം ∙ തറക്കല്ലിട്ട് 41 വർഷമായിട്ടും പനത്തുറ നിവാസികൾക്ക് പാലം ഇന്നും സ്വപ്നം മാത്രം. പ്രദേശവാസികളായ കുട്ടികൾക്ക് ഈ അധ്യയന വർഷവും സ്കൂളിലെത്താൻ ഏക ആശ്രയം വാഴമുട്ടം ചേന്തിലാക്കരിയിലെ കടത്തുവള്ളം മാത്രം. പ്രദേശത്തെ മറ്റു യാത്രികരും സഞ്ചാര സൗകര്യമില്ലാത്തതിന്റെ ബുദ്ധിമുട്ടിലാണ്. സഞ്ചാരയോഗ്യമായ പാലത്തിനായി 1985 സെപ്റ്റംബർ 19ന് സ്ഥാപിച്ച തറക്കല്ല് ഇപ്പോഴും നോക്കുകുത്തിയായി ഇവിടെയുണ്ട്.കാലവർഷം ശക്തമാകുമ്പോൾ ആശങ്ക വർധിക്കും. പനത്തുറ മുസ്ലിം പള്ളി, സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ എത്തുന്നതിനും ആൾക്കാർക്കു ബുദ്ധിമുട്ടുണ്ട്. എളുപ്പമാർഗമെന്ന നിലയിലാണു പാലം പണിക്കു പദ്ധതിയിട്ടത്. തറക്കല്ലിട്ടവരും മാറിമാറി വന്ന സർക്കാരുമെല്ലാം പാലം നിർമാണം മറന്നു,അഥവാ ഉപേക്ഷിച്ച മട്ടായി. 1985ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി വിഴിഞ്ഞം സന്ദർശനത്തിനൊപ്പം പനത്തുറ കയർ ഗ്രാമത്തിലുമെത്തി. അന്ന് അദ്ദേഹത്തോട് നാട്ടുകാർ ഏകസ്വരത്തിൽ ഉന്നയിച്ച ആവശ്യമായിരുന്നു പാലം വേണമെന്നത്. ഒപ്പം കുടിവെള്ളക്ഷാമത്തിനു പരിഹാരം വേണമെന്നും പറഞ്ഞു. ആവശ്യം കേട്ട രാജീവ്ഗാന്ധി ഒപ്പമുണ്ടായിരുന്ന അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനോട് ഉടൻ പരിഹാര നടപടി വേണമെന്നു നിർദേശിച്ചു. കുടിവെള്ള പ്രശ്നത്തിന് ഒരാഴ്ചക്കുള്ളിൽ പരിഹാരമുണ്ടായി. ഒപ്പം അന്നത്തെ ജലസേചന മന്ത്രി എം.പി. ഗംഗാധരൻ പാലം പണിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. നിർമാണ നടപടികൾ ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം പക്ഷേ ജലരേഖയായി.
Source link


