CINEMA
ജാക്കിയുടെ വലംകൈ, മോഹിനിയാട്ടത്തിൽ ക്ഷേത്ര കമ്മിറ്റി അംഗം, അഭിനയിച്ചു കൊതി തീരാതെ മടക്കം

മരണത്തെ ഭയമില്ലെന്ന് സന്തോഷ് നായർ ദിവസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ വിട പറഞ്ഞതിന്റെ ഞെട്ടലിലാണ് മലയാള ചലച്ചിത്രലോകം. അപ്രതീക്ഷിത ഹിറ്റായി തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന മോഹിനിയാട്ടം സിനിമയിൽ ക്ഷേത്ര കമ്മിറ്റി അംഗമായി പ്രേക്ഷകരെ രസിപ്പിച്ചു സന്തോഷ് നായർ. മോഹിനിയാട്ടം ആണ് സന്തോഷ് നായരുടെ അവസാന ചിത്രം. 1982 ൽ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഇത് ഞങ്ങളുടെ കഥയിൽ നാല് നായകന്മാരിൽ ഒരാളായാണ് സന്തോഷ് നായർ എന്ന തിരുവനന്തപുരത്തുകാരൻ വെള്ളിത്തിരയിൽ എത്തിക്കുന്നത്.
എം.ജി കോളേജിൽ മോഹൻലാലിന്റെ ജൂനിയറായിരുന്നു സന്തോഷ്. പിന്നീട് എത്രയോ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. നായകനായുംസഹനടനായും വില്ലനും കൊമേഡിയനുമായി. എന്നാൽ വില്ലൻ വേഷത്തിലാണ് ഏറെ ശോഭിച്ചത്. നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ടു. ഏപ്രിൽ 18, ഇവിടെ തുടങ്ങുന്നു എന്നീ ചിത്രങ്ങളിലെ വില്ലൻ വേഷം ശ്രദ്ധേയമായി.ഇരുപതാം നൂറ്റാണ്ടിൽ മോഹൻലാലിന്റെ ജാക്കിയുടെ വലംകൈ ലോറൻസിനെ അത്ര പെട്ടെന്ന് പ്രേക്ഷകർ മറക്കില്ല.മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ശങ്കർ, രതീഷ്, റഹ്മാൻ, ബാലചന്ദ്രമേനോൻ എന്നിവരുടെ വില്ലനായി അഭിനയിച്ചു. നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം, കമ്മത്ത് ആന്റ് കമ്മത്ത് തുടങ്ങിയ ചിത്രങ്ങളിൽ കോമഡി ടച്ച് വേഷത്തിൽ എത്തി.
ഇൗറൻസന്ധ്യ, സന്ധ്യയ്ക്കെന്തിന് സിന്ദൂരം, പിൻനിലാവ്, വസന്തസേന, കണ്ടു കണ്ടറിഞ്ഞു, ഇൗ ലോകം ഇവിടെ കുറെ മനുഷ്യർ, ആനയ്ക്കൊരുമ്മ, അങ്ങാടിക്കപ്പുറത്ത് , പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, നാട്ടുരാജാവ്, ടൈഗർ, വെട്ടം, മാന്ത്രികം, യുവജനോത്സവം, കടത്തുനാടൻ അമ്പാടി, കിലുക്കം, റൺവേ തുടങ്ങി 2005 ൽ വരെ സിനിമയിൽ സജീവമായ സന്തോഷ് പിന്നീട് ഇടവേള എടുത്തു. ചന്ദ്രോത്സവത്തിൽ മോഹൻലാലിന്റെ കൂട്ടുകാരൻ സഹദേവനായി ഇടക്കാലത്ത് എത്തി . മോഹിനിയാട്ടത്തിലെ രസികൻ കഥാപാത്രത്തിലൂടെ പുതു തലമുറയ്ക്കും പരിചിതനായി. പ്രത്യേക ഡ്രസ് കോഡിൽപൊതുസദസിൽ ശ്രദ്ധ പിടിച്ചുപറ്റി.നെറ്റിയിൽ ചന്ദനക്കുറിയില്ലാതെ കാണാൻ കഴിയില്ലായിരുന്നു. പത്തുവർഷത്തിലധികമായി ഇതാണ് തന്റെ വേഷം എന്ന് സന്തോഷ് നായർ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
തന്റെ സ്റ്റൈൽ സുരേഷ് ഗോപി പിൻതുടരുന്നതായും പറഞ്ഞു. കൈവിരലുകളിൽ പല നിറം കല്ലുകൾ പതിച്ച മോതിരങ്ങൾ അണിഞ്ഞു.
മോതിരത്തിന്റെ പ്രത്യേകത തനിക്ക് ഒരു പ്രഭാവലയം തീർത്തു തരുന്നതായും പറഞ്ഞു. സുരേഷ് ഗോപിയുടെ ബന്ധു കൂടി ആണ് സന്തോഷ് നായർ.ഏതാനും സീരിയലുകളിലും വേഷമിട്ടു.സിനിമയിൽ വില്ലനായിരുന്നെങ്കിലും ജീവിതത്തിൽ നന്മ നിറഞ്ഞ മനുഷ്യൻ.
Source link


