തദ്ദേശത്തിൽ ‘പണി’ കിട്ടിയിട്ടും പഠിച്ചില്ല, ഇത് യുഡിഎഫിന്റെ മിന്നൽ സ്ട്രൈക്ക്, ക്യാപ്റ്റനും കൂട്ടർക്കും പിഴച്ചതെവിടെ?

മൂന്നാഴ്ചയായി തുടരുന്ന കൂട്ടലും കിഴിക്കലുകൾക്കും പരിസമാപ്തി കുറിച്ച് കേരളത്തിൽ യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മൂന്നാം ഊഴം പ്രതീക്ഷിച്ച എൽഡിഎഫിനെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫ് മുന്നണിയുടെ തേരോട്ടം. ഒരിക്കലും വീഴില്ലെന്ന് കരുതിയ കണ്ണൂരിലെ ഇടതുകോട്ടകൾ ഫലം വന്നതോടെ തകർന്ന് തരിപ്പണമായി. ഇടതുകോട്ടകളിൽ വിമത നേതാക്കൾ മത്സരിച്ച് ജയിച്ചത് സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ഞെട്ടിച്ചു. പിണറായി വിജയനെ പാർട്ടിയുടെ ഐക്കണായി അവതരിപ്പിച്ച് മുന്നിട്ടിറങ്ങിയ ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും സിപിഎമ്മിനും പിഴച്ചതെവിടെയാണ്? തുടർച്ചയായി പത്ത് വർഷം അധികാരത്തിലിരുന്നതിന്റെ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ പ്രകടമായോ? അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്ന രാഷ്ട്രീയ ശീലമായിരുന്നു ദശകങ്ങളായി കേരളം പിന്തുടർന്നു പോന്നത്. എന്നാൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആ കീഴ്വഴക്കം തിരുത്തിക്കുറിക്കപ്പെട്ടു. കൊവിഡ് മഹാമാരിയുടെ കാലത്തെ ചിട്ടയായ പ്രവർത്തനങ്ങളും ജനകീയമായ ക്ഷേമപദ്ധതികളും എൽഡിഎഫിന് ചരിത്രപരമായ തുടർഭരണം സമ്മാനിച്ചു. ഇടതുപക്ഷ സർക്കാരിന്റെ ശൈലിയിൽ നിന്ന് മാറി ‘പിണറായി സർക്കാരിലേക്ക്’ അധികാരം കേന്ദ്രീകരിക്കപ്പെടുന്നു എന്ന വിമർശനം പാർട്ടിക്കുള്ളിൽ ഉയർന്നു. സംഘടനാ താൽപ്പര്യങ്ങളേക്കാൾ വ്യക്തിഗത ഇമേജിന് മുൻഗണന നൽകുന്ന രീതി പാർട്ടി അണികൾക്കിടയിൽപ്പോലും അസംതൃപ്തിക്ക് കാരണമാക്കി. ചരിത്ര വിജയം നേടി അധികാരത്തിലെത്തിയെങ്കിലും, ഭരണശൈലിയിലെ മാറ്റങ്ങളും പാർട്ടിയിലെ പുതിയ കീഴ്വഴക്കങ്ങളും സർക്കാരിന് മുന്നിൽ വലിയ വെല്ലുവിളികളാണ് ഉയർത്തിയത്.
Source link


