test del 2
ഇറാനുമായുള്ള ശത്രുത അവസാനിച്ചു; യുദ്ധത്തിന് കോൺഗ്രസിന്റെ അനുമതി ആവശ്യമില്ലെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള യു.എസിന്റെ ശത്രുത ഏപ്രിൽ ഏട്ടിന് നിലവിൽ വന്ന വെടിനിർത്തലിലൂടെ അവസാനിച്ചെന്നും അതിനാൽ, ഇറാൻ യുദ്ധം തുടരുന്നതിന് കോൺഗ്രസിന്റെ അനുമതി ആവശ്യമില്ലെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യു.എസ്. കോൺഗ്രസിനെ അറിയിച്ചു. വെള്ളിയാഴ്ച കോൺഗ്രസ് അംഗങ്ങൾക്കയച്ച കത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.യു.എസിലെ വാർ പവേഴ്സ് ആക്്ട് പ്രകാരം ഒരു രാജ്യത്തിനെതിരേയുള്ള സൈനികനടപടി ആരംഭിക്കുന്നതിനെക്കുറിച്ച് നിയമനിർമാതാക്കൾക്ക് അറിയിപ്പ് ലഭിച്ച് 60 ദിവസത്തിനകം യു.എസ്. കോൺഗ്രസിന്റെ അനുമതി തേടിയിരിക്കണം. അല്ലാത്തപക്ഷം എല്ലാ യുദ്ധനടപടികളും അവസാനിപ്പിക്കണം.എന്നാൽ, ഫെബ്രുവരി 28-നാരംഭിച്ച യുദ്ധം വെടിനിർത്തലിലൂടെ അവസാനിച്ചെന്നും ഏപ്രിൽ ഏഴിനുശേഷം ഇറാനിൽ നേരിട്ടുള്ള സൈനികനടപടികളൊന്നും നടക്കാത്തതിനാൽ കോൺഗ്രസിന്റെ അനുമതി തേടേണ്ട ആവശ്യമില്ലെന്നുമാണ് ട്രംപിന്റെ വാദം. യുദ്ധം പൂർണമായി അവസാനിപ്പിക്കാനും സ്ഥിരമായ സമാധാനക്കരാറിലെത്താനുമുള്ള ചർച്ചകളുടെ ഭാവി അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന.ഇറാനിൽ സാധ്യമായ പുതിയ സൈനിക നടപടികളെക്കുറിച്ച് യു.എസ്. സെൻട്രൽ കമാൻഡ് തലവൻ ബ്രാഡ് കൂപ്പർ വ്യാഴാഴ്ച ട്രംപിന് വിശദീകരണം നൽകിയെന്നുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇറാനെ എന്നേക്കുമായി ഇല്ലാതാക്കുക അല്ലെങ്കിൽ ഒരു കരാറിന് ശ്രമിക്കുക എന്നീ രണ്ട് വഴികളാണ് യു.എസിന് മുന്നിലുള്ളതെന്നും ഇതിൽ രണ്ടാമത്തേത് സ്വീകരിക്കാനാണ് താത്പര്യമെന്നും ട്രംപ് പറഞ്ഞു.
Source link


