ശ്രീലങ്കയിൽ നിന്ന് ധനുഷ്കോടിയിലേക്ക് കടലിലൂടെ നീന്തി കടന്നത് 29 കിലോമീറ്റർ, ചരിത്രമെഴുതി ഏഴുവയസുകാരൻ

റാഞ്ചി: ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ഏഴുവയസുകാരൻ. റാഞ്ചി ധുർവ സ്വദേശിയായ ഇഷാങ്കാണ് ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നും ഇന്ത്യയിലെ ധനുഷ്‌കോടി വരെയുള്ള 29 കിലോമീറ്റർ ദൂരം 9 മണിക്കൂർ 50 മിനിട്ടിൽ നീന്തിക്കടന്നത്. ഇതോടെ പാക് കടലിടുക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നീന്തിക്കടന്ന പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കാഡ് ഇഷാങ്കിന്റെ പേരിലായി. ഇന്ത്യൻ മഹാ സമുദ്രത്തിൽ ബംഗാൾ ഉൾക്കടലിനും മാന്നാർ ഉൾക്കടലിനും മദ്ധ്യേ വ്യാപിച്ചുകിടക്കുന്ന കടലിടുക്കാണ് പാക് കടലിടുക്ക്
2026 ഏപ്രിൽ 30നാണ് ഇഷാങ്ക് ഈ നേട്ടം കൈവരിച്ചത്. കഠിനമായ പരിശീലനവും നിശ്ചയദാർഢ്യവുമാണ് കുഞ്ഞുതാരത്തെ ലക്ഷ്യത്തിലെത്തിച്ചത്. യൂണിവേഴ്സൽ റെക്കാഡ് ഫോറം (യുആർഎഫ് ) ഇഷാങ്കിന്റെ നേട്ടം അംഗീകരിക്കുകയും ‘Youngest and Fastest Palk Strait Swimmer’ എന്ന ലോക റെക്കാഡ് സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയും ചെയ്തു. ലക്ഷ്യത്തിലെത്താൻ റാഞ്ചിയിലെ ധുർവ ഡാമിൽ ദിവസവും നാല് മുതൽ അഞ്ച്മണിക്കൂർ വരെ ഇഷാങ്ക് പരിശീലനം നടത്തിയിരുന്നു. പരിശീലകരായ അമൻ കുമാർ ജയ്സ്വാൾ, ബജ്റംഗ് കുമാർ എന്നിവരുടെ കീഴിലായിരുന്നു പരിശീലനം.
റാഞ്ചിയിലെ ഡി.എ.വി ശ്യാമളി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഇഷാങ്ക്. തന്റെ പ്രിയ ശിഷ്യന്റെ നേട്ടത്തിൽ സ്‌കൂൾ അധികൃതരും ഏറെ ആവേശത്തിലാണ്. ‘ഇഷാങ്ക് സിംഗിന്റെ നേട്ടം സ്‌കൂളിനും റാഞ്ചി നഗരത്തിനും രാജ്യത്തിന് തന്നെ അഭിമാനമാണ്. ഇത്രയും ചെറിയ പ്രായത്തിൽ കടലിലെ വെല്ലുവിളികളെ അതിജീവിച്ച് ലോക റെക്കാഡ് സ്ഥാപിച്ചത് അവന്റെ ധൈര്യത്തെയും അച്ചടക്കത്തെയുമാണ് സൂചിപ്പിക്കുന്നത്,’-സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു. സമർപ്പണവും ശരിയായ മാർഗനിർദ്ദേശവും ഉണ്ടെങ്കിൽ ഏത് ലക്ഷ്യവും നേടിയെടുക്കാമെന്ന് ഇഷാങ്ക് തെളിയിച്ചിരിക്കുകയാണ്. ഇഷാങ്കിന്റെ വിജയം മറ്റു വിദ്യാർത്ഥികൾക്കും പ്രചോദനമാകമെന്നും പ്രിൻസിപ്പൽ കൂട്ടിചേർത്തു.
Source link


