test del 2
2,000-ലധികം മറീനുകളുടെ വിവരങ്ങൾ ചോർത്തിയതായി ഇറാൻ ഹാക്കർമാർ; പെന്റഗൺ അന്വേഷണം തുടങ്ങി

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ പ്രത്യേക സൈനിക ഉദ്യമങ്ങളുമായി ബന്ധപ്പെട്ട് വിന്യസിച്ചിട്ടുള്ള ആയിരക്കണക്കിന് യുഎസ് മറീനുകളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന അവകാശവാദവുമായി ഇറാൻ ബന്ധമുള്ള ഹാക്കർ ഗ്രൂപ്പ്. ഇക്കാര്യത്തിൽ യുഎസ് സൈനിക ആസ്ഥാനമായ പെന്റഗൺ അന്വേഷണവും ആരംഭിച്ചു. ചോർന്ന വിവരങ്ങളിൽ ചിലത് ആധികാരികമാണെന്ന് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. മേഖലയിലെ യുഎസ് മറീനുകൾക്കുനേരെ ഈ ഗ്രൂപ്പ് ഭീഷണി മുഴക്കിയതായാണ് വിവരം.ഇറാനുമായുള്ള യുദ്ധത്തിന്റെ ഭാഗമായി പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന മറീനുകളെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ടാണ് സൈബർ ആക്രമണം നടന്നിരിക്കുന്നത്. ടെലിഗ്രാം വഴി വിവരങ്ങൾ പുറത്തുവിട്ട ഹാക്കർമാർ, തങ്ങൾ ഈ മറീനുകളെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടായിരത്തിലധികം മറീനുകളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയതായാണ് വിവരം.ഹൻസാല എന്ന ഹാക്കർ ഗ്രൂപ്പാണ് വിവരങ്ങൾ ചോർത്തിയതെന്നാണ് പ്രാദേശിക അറബ് വാർത്താ വെബ്‌സൈറ്റായ ഷഫാഖ് ഡോട്ട് കോം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഏകദേശം രണ്ടായിരത്തോളം സൈനികരുടെ വിവരങ്ങൾ ചോർന്നുവെന്ന് വാൾ സ്ട്രീറ്റ് ജേണൽ പറയുമ്പോൾ, 2,379 യുഎസ് മറീനുകളുടെ വിവരങ്ങളാണ് ചോർന്നിരിക്കുന്നതെന്ന കൃത്യമായ കണക്കാണ് ഷഫാഖ് ഡോട്ട് കോം പുറത്തുവിട്ടിരിക്കുന്നത്.ഒരു ടെലിഗ്രാം ചാനലിലൂടെയാണ് ഗ്രൂപ്പ് ഇവരുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നതെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ ‘നിരീക്ഷണ പാടവം’ തെളിയിക്കാനാണ് ഹാക്കർ ഗ്രൂപ്പ് ഈ നീക്കത്തിലൂടെ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മേഖലയിൽ വിന്യസിച്ചിരിക്കുന്ന മറീനുകൾക്ക്, തങ്ങൾ നിരീക്ഷണത്തിലാണെന്നും ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നും വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ മുന്നറിയിപ്പ് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
Source link


