test del 5 copy of del 3
1.77 കോടി ചെലവഴിച്ചു വാങ്ങിയത് 59,338 മെൻസ്ട്രൽ കപ്പ്; 90 ശതമാനവും വിതരണം ചെയ്തില്ല

കോഴിക്കോട് ∙ കോർപറേഷന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് വിതരണം ചെയ്യാനായി 1.77 കോടി ചെലവഴിച്ചു വാങ്ങിയ 59,338 മെൻസ്ട്രൽ കപ്പുകളിൽ 53,594 എണ്ണം (90.31 ശതമാനം) വിതരണം ചെയ്തില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. 3 മാസത്തിനിടെ ആറായിരത്തിൽ താഴെ മാത്രമാണ് വിതരണം ചെയ്തത്. വിതരണത്തിൽ വീഴ്ച വന്ന കാര്യം നിർവഹണ ഉദ്യോഗസ്ഥ അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഗുണഭോക്താക്കളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതും തിരിച്ചടിയായി. എച്ച്എൽഎല്ലിൽ നിന്നാണ് 1.77 കോടി രൂപയ്ക്ക് മെൻസ്ട്രൽ കപ്പ് വാങ്ങിയത്. ആദ്യഘട്ടത്തിൽ ഓരോ വാർഡിലേക്കും 438 കപ്പുകൾ വീതം വിതരണം നടത്താനാണ് തീരുമാനിച്ചത്. എന്നാൽ 3 മാസത്തിനിടെ 15 വാർഡുകളിലായി 5744 കപ്പുകൾ മാത്രമാണ് നൽകിയത്. കോർപറേഷൻ ആരോഗ്യ-ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ പല പദ്ധതികളിലും കൃത്യമായി പഠനം നടത്താതെ ചെയ്തതിനാൽ കാര്യക്ഷമമായില്ലെന്നും നഷ്ടങ്ങളുണ്ടായെന്നും ഓഡിറ്റ് റിപ്പോർട്ട് കുറ്റപ്പെടുത്തിയിട്ടുണ്ട്. നഗരത്തിൽ സ്ഥാപിച്ച ഇരട്ട ബിന്നുകളുമായി ബന്ധപ്പെട്ട് 5 ലക്ഷത്തിലേറെ രൂപയുടെ അധിക ചെലവുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.അതുപ്രകാരം സ്ഥാപിച്ചവർക്ക് കൊടുത്ത 5,10,634 രൂപയും ബിന്നുമായി ബന്ധപ്പെട്ട് നൽകാൻ ശേഷിക്കുന്ന 85259 രൂപയും ഉൾപ്പെടെ 5.96 ലക്ഷം രൂപ അധിക ചെലവുണ്ടായി എന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. എവിടെയൊക്കെ ബിൻ വയ്ക്കണമെന്ന് പഠനം നടത്താതെ ആസൂത്രണമില്ലാതെ വച്ചതിനാൽ ലക്ഷ്യപ്രാപ്തി കൈവരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
Source link


