NATIIONAL
സ്പിന്നർമാർക്കെതിരെ വെറും 18 റൺസ്, പേസർമാർക്കെതിരെ 83: ചെന്നൈയുടെ സ്വപ്നം മുംബൈയുടെ ഹോഗ്രൗണ്ടിൽ സഫലമാക്കിയ സഞ്ജു

മുംബൈ ∙ 17 ഐപിഎൽ സീസണുകളിലായി 248 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട് ചെന്നൈ സൂപ്പർ കിങ്സ് ടീം. എന്നാൽ ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെതിരെ ഒരു ഐപിഎൽ സെഞ്ചറിയെന്ന അവരുടെ സ്വപ്നം സഫലമായത് കഴിഞ്ഞദിവസമാണ്. 18 കോടി രൂപയ്ക്ക് ഈ സീസണിൽ ടീമിലെത്തിയ സഞ്ജു സാംസണാണ് ചെന്നൈ ആരാധകരുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചത്. ഈ സീസണിലെ രണ്ടാം സെഞ്ചറിയുമായി സഞ്ജു സാംസൺ (54 പന്തിൽ 101*) തിളങ്ങിയ മത്സരത്തിൽ 103 റൺസിനാണ് ചെന്നൈ, മുംബൈ ഇന്ത്യൻസിനെ അവരുടെ തട്ടകത്തിൽ കീഴടക്കിയത്. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടിയപ്പോൾ മുംബൈ 104 റൺസിന് ഓൾഔട്ടായി. വാങ്കഡെയിൽ റൺഅടിസ്ഥാനത്തിൽ മുംബൈയുടെ ഏറ്റവും വലിയ തോൽവി.മുംബൈയ്ക്കെതിരായ സെഞ്ചറി സഞ്ജുവിന്റെ ഐപിഎൽ കരിയറിലെ മികച്ച ഇന്നിങ്സുകളിലൊന്നാണെന്ന് മുൻകാല താരങ്ങൾ പറയുന്നു. പതിവ് ഫ്ലാറ്റ് പിച്ചിൽനിന്നു മാറി ബോളർമാരോടു കൂറുകാട്ടിയ വാങ്കഡെയിലെ പിച്ചിൽ കരുതലോടെയാണ് സഞ്ജു ബാറ്റിങ് തുടങ്ങിയത്. ബുമ്രയ്ക്കെതിരെ പ്രതിരോധത്തിലേക്ക് വലിഞ്ഞ താരം ആദ്യ 6 പന്തിൽ നേടിയത് 6 റൺസ് മാത്രം. ഋതുരാജ് ഗെയ്ക്‌വാദ് പുറത്തായശേഷം ഹാർദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിൽ 18 റൺസ് നേടിയാണ് സഞ്ജു ആക്രമണത്തിലേക്ക് തിരിഞ്ഞത്.
Source link


