test del 5 copy of del 3
മുഴങ്ങുമോ വിസിൽ?… നടൻ വിജയ്‍യുടെ പ്രചാരണത്തിരയിൽ ഉലഞ്ഞ് തമിഴ് രാഷ്ട്രീയം; മാസ് എൻട്രിയുമായി ‘ജനനായകൻ’

ചെന്നൈ∙ ഈസ്റ്റ് തിരുച്ചിറപ്പള്ളിയിലെ രാജാറാംശാലയിലൂടെ ആൾക്കടൽ ഒഴുകിവരുന്നു. ഒഴുക്കു കുറഞ്ഞ പുഴയിലേക്കു വീണ ഇല പോലെ അതിനിടയിലൂടെ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന വാഹനം. മുകളിൽ വില്ലു പോലെ വളഞ്ഞും അമ്പു പോലെ നിവർന്നും കൈകൂപ്പുന്ന കഥാനായകൻ. വാഹനത്തിന്റെ ചലനത്തിനനുസരിച്ച് ആവേശത്തിര റോഡിനിരുവശത്തേയ്ക്കും ഇരമ്പിയാർക്കുന്നു. തമിഴക അരശിയൽ തിരയിലെ പുതിയ റിലീസായ തമിഴക വെട്രി കഴകത്തിന്റെ തലൈവർ സി.ജോസഫ് വിജയ് സ്വന്തം മണ്ഡലമായ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ റോഡ്ഷോ നടത്തുകയാണ്. സിനിമാറ്റിക് രംഗങ്ങൾ നിറഞ്ഞ, 4 മണിക്കൂറിലേറെ നീണ്ട പരിപാടിക്കിടെ വിജയ് ഒരക്ഷരം ഉരിയാടിയില്ല. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിലെ ഏറ്റവും മുഴക്കമുള്ള സാന്നിധ്യം പക്ഷേ, വിജയ്‌യുടേതാണ്. ടിവികെ എത്ര വോട്ടു പിടിക്കും?, അത് ആരെ ബാധിക്കും?, പ്രചാരണത്തിലെ വെറും താരാവേശമായി അത് ഒടുങ്ങുമോ?. ഒന്നുറപ്പ്. യുവാക്കൾക്കും സ്ത്രീകൾക്കുമിടയിൽ വിജയ് തീർക്കുന്ന തിരയിളക്കം എതിർപാർട്ടികളുടെ ഉറക്കം കെടുത്തുന്നുണ്ട്.പ്രചാരണ യോഗത്തിനെത്തുന്ന കൂട്ടങ്ങളിൽ വോട്ടു പ്രായമാകാത്തവർ ഏറെയുണ്ട്. ഞാൻ ഈ നാട്ടുകാരനല്ലെന്ന ഭാവത്തിൽ റോഡ്ഷോ വീക്ഷിക്കുന്ന ആളോട് വിജയ്‌യുടെ സാധ്യതയെക്കുറിച്ചു ചോദിച്ചു. ‘എല്ലാം പസങ്ങൾ സർ, അവർക്ക് വോട്ടേ ഇല്ല’. ഡിഎംകെയുടെയും അണ്ണാഡിഎംകെയുടെയും മുതിർന്ന പ്രവർത്തകരും പങ്കുവയ്ക്കുന്നത് ഇതേ അഭിപ്രായമാണ്. എന്നാൽ, തിരുച്ചിറപ്പള്ളിയിൽ മാത്രമല്ല, സേലത്തും കോയമ്പത്തൂരും പഴനിയിലും യുവാക്കൾക്കിടയിൽ വിജയ് സംസാര വിഷയമാണ്.35–40% ന്യൂനപക്ഷ വോട്ടർമാരുള്ള തിരുച്ചിറപ്പള്ളി ഈസ്റ്റ് മത്സരിക്കാൻ തിരഞ്ഞെടുത്തതിൽ പല കണക്കുകൂട്ടലുകളുമുണ്ട്. 2021 ൽ അരലക്ഷത്തിലേറെ വോട്ടുകൾക്കു ജയിച്ച, ക്രിസ്ത്യൻ ഗുഡ്‌വിൽ മൂവ്മെന്റ് നേതാവ് കൂടിയായ ഇനിഗോ എസ്.ഇരുദയരാജ് (ഡിഎംകെ), ജി.രാജശേഖരൻ (അണ്ണാഡിഎംകെ) എന്നിവരാണ് പ്രധാന എതിരാളികൾ. 2011 മുതൽ ഈ സീറ്റിൽ ജയിക്കുന്ന പാർട്ടിയാണ് തമിഴ്നാട് ഭരിച്ചത്.
Source link


