test del 4 copy of del 3
‘ഭർത്താവിന്റെ ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യാൻ ഒരുക്കമാണോ..?’ ചരിത്രമായി മാറിയ അന്നത്തെ ‘യെസ്’

പാറശാല ∙ ‘ഭർത്താവിന്റെ ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യാൻ ഒരുക്കമാണോ..?’ 11 വർഷം മുൻപ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമാരുടെ ചോദ്യത്തോടു സമ്മതം അറിയിക്കാൻ ഭാര്യ ലതാ ശർമയ്ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. കേരളത്തിലെ അവയവദാന ചരിത്രത്തിന്റെ പുതിയൊരു ഏടു കൂടിയായിരുന്നു ആ സമ്മതപത്രം. തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകനായിരുന്ന പാറശാല എസ്.നീലകണ്ഠ ശർമയുടെ ഹൃദയം ചാലക്കുടി സ്വദേശി മാത്യു ആച്ചാടനാണു സ്വീകരിച്ചത്. രാജ്യത്ത് ആദ്യമായി അവയവദാനത്തിന് എയർ ആംബുലൻസ് ഉപയോഗിച്ചതും അന്നാണ്.റോഡ് മാർഗം കൊണ്ടു പോയാൽ വൈകുമെന്നതിനാൽ ഹൃദയം ചെറുവിമാനത്തിൽ കൊണ്ടുപോകാനായിരുന്നു നിർദേശം. ഇരു ആശുപത്രി അധികൃതരും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അറിയിച്ചതിനെത്തുടർന്ന് അദ്ദേഹം നാവികസേനയുമായി ബന്ധപ്പെട്ട് ചെറുവിമാനം ഏർപ്പെടുത്തി. ഇതു സംബന്ധിച്ച ഉത്തരവിൽ ഉമ്മൻചാണ്ടി രാത്രി ഒരു മണിക്ക് ഒപ്പുവച്ചത് അന്ന് വലിയ വാർത്തയായി. അവയവദാനം പ്രോത്സാഹിപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ശർമയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് നീലകണ്ഠ ശർമ ഫൗണ്ടേഷൻ എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. 2016 ഓഗസ്റ്റ് 16ന് ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. നിലവിൽ കൃഷിവകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറായ ലതാ ശർമയാണ് ട്രസ്റ്റിന്റെ ട്രഷറർ. ഹൃദയപൂർവം ഒരു ജീവിതസാക്ഷ്യം പരിയാരം ∙ അവയവദാനം സംബന്ധിച്ചുണ്ടായ വിവാദങ്ങൾക്ക് സ്വന്തം ജീവിതം കൊണ്ടു മറുപടി കൊടുത്തയാൾ എന്ന നിലയ്ക്കായിരിക്കും മാത്യു ആച്ചാടൻ ഓർമിക്കപ്പെടുക. അവയവദാനം തട്ടിപ്പാണെന്ന് ഒരു സിനിമാ നടൻ പ്രസ്താവന നടത്തിയപ്പോൾ അതിനെതിരെ അദ്ദേഹം പരസ്യമായി രംഗത്തുവന്നു. മരണത്തിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴും മക്കളുടെ അവയവങ്ങൾ ദാനംചെയ്യുന്ന മാതാപിതാക്കളുടെ നാടാണിതെന്നും നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തി കരുണവറ്റാത്ത മനസ്സുകളിലെ പ്രകാശം ഊതിക്കെടുത്തരുതെന്നുമാണ് അന്ന് മാത്യു ആച്ചാടൻ സമൂഹമാധ്യമത്തിൽ എഴുതിയത്.
Source link


