LATEST

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സി.ഐയെ കൈയേറ്റം ചെയ്ത എസ്‌.ഐയ്ക്ക് സസ്‌പെൻഷൻ


തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ മദ്യപിച്ച് സർക്കിൾ ഇൻസ്‌പെക്ടറെ കൈയേറ്റം ചെയ്ത മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്‌.ഐ കൃഷ്ണമോഹനെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് നടപടിയെടുത്തത്. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഏപ്രിൽ നാലിന് തിരുവല്ലയിൽ എത്തിയപ്പോഴായിരുന്നു സംഭവം.അതീവ സുരക്ഷാമേഖലയിൽ മേൽ ഉദ്യോഗസ്ഥനെ ജൂനിയർ ഉദ്യോഗസ്ഥൻ പരസ്യമായി ആക്രമിച്ചത് ഗൗരവമായ കുറ്റകൃത്യമാണെന്ന് വിലയിരുത്തിയാണ് സസ്‌പെൻഷൻ. സി.ഐയെ കൈയേറ്റം ചെയ്ത സംഭവത്തിൽ എസ്.ഐക്കെതിരെ തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സി.ഐയുടെ പരാതിയിലായിരുന്നു നടപടി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊടുമൺ സി.ഐയെ, ഡ്യൂട്ടിയിൽ ഇല്ലാതെ, പരിപാടിയിൽ പങ്കെടുക്കാനെത്തിയ എസ്.ഐ കൈയേറ്റം ചെയ്‌തെന്നായിരുന്നു കേസ്. ഇയാളോടൊപ്പം സംഘർഷത്തിന് കൂട്ടുനിന്ന സഹോദരങ്ങളായ ജിഷ്ണു മോഹൻ, ജിത്ത് മോഹൻ എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പ്രധാനമന്ത്രി വേദിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ സുരക്ഷ മുൻനിറുത്തി പരിപാടി കഴിയുന്നതുവരെ ആരെയും വേദിക്ക് പുറത്തിറങ്ങാൻ അനുവദിക്കില്ല. ഈ സമയം എസ്.ഐയും കൂടെയുള്ളവരും പുറത്തുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സുരക്ഷ മുൻനിറുത്തി പോകാൻ പറ്റില്ലെന്ന് സർക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു. ഇതോടെ തർക്കമായി. താൻ പൊലീസിലാണെന്നും എസ്.ഐ ആണെന്നും പറഞ്ഞ് സംഘർഷമുണ്ടാക്കുകയും സി.ഐയെ മർദ്ദിക്കുകയുമായിരുന്നു. സി.ഐയുടെ കൈകൾ പിടിച്ചുവലിച്ച് തള്ളിയിട്ടു. നെയിംപ്ലേറ്റ് വലിച്ചുകീറി. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, ജാമ്യം ലഭിക്കാവുന്ന വകുപ്പ് അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.


Source link

Back to top button