അപകടത്തിൽപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവം, വീണ്ടും മൊഴിയെടുക്കാൻ വരാമോയെന്ന് പൊലീസ്

പ്രതി കാണാമറയത്ത്, വീഴ്ചയില്ലെന്ന് എസ്.പി ആലപ്പുഴ: അർദ്ധരാത്രിയിൽ വാഹനാപകടത്തിൽപ്പെട്ട യുവതിയെ രക്ഷാപ്രവർത്തകനായെത്തിയ വ്യാപാരി പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണസംഘം വീണ്ടും പരാതിക്കാരിയുടെ മൊഴിയെടുക്കും. കായംകുളം ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. എഫ്.ഐ.ആറിലും മൊഴിയിലും തൃപ്തനല്ലാത്തതിനാൽ, വീണ്ടും മൊഴിയെടുക്കാൻ വരാമോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഫോണിലൂടെ ചോദിച്ചതായി കൊല്ലം സ്വദേശിനിയും തിരുവനന്തപുരത്തെ ഐ.ടി ജീവനക്കാരിയുമായ യുവതി പറഞ്ഞു. അപകടത്തിൽ കാലിലും തോളിലും താടിയെല്ലിലുമുണ്ടായ പരിക്ക് കാരണം യുവതി തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. യാത്ര ചെയ്യാനാകുമോയെന്ന് ഡോക്ടറുടെ നിർദ്ദേശം ലഭിച്ചശേഷം പറയാമെന്ന് അറിയിച്ചപ്പോൾ, അങ്ങനെയെങ്കിൽ അവിടെ എത്തി മൊഴി രേഖപ്പെടുത്താമെന്ന് ഡിവൈ.എസ്.പി അറിയിച്ചതായും യുവതി പറഞ്ഞു. എന്നാൽ, പ്രതി എവിടെയാണെന്നതിന് പൊലീസിന് ഉത്തരമില്ല. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റായിരുന്ന പ്രതി സിനിൽ സവാദിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര സസ്പെൻഡ് ചെയ്തു. ആക്ടിംഗ് പ്രസിഡന്റായി നിലവിലെ യൂണിറ്റ് സെക്രട്ടറി ഷിബുവിനെ നിയമിച്ചു.
Source link


