പത്തനംതിട്ടയിൽ തുടർച്ചയായി ഹെലികോപ്ടറുകൾ താഴ്ന്ന് പറക്കുന്നു, മുതിർന്നവരിൽ ആശങ്ക

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: അപ്രതീക്ഷിതമായി തുടർച്ചയായി ഹെലികോപ്ടറുകൾ താഴ്ന്ന് പറന്നത് പ്രമാടത്ത് ആശങ്കയും ഒപ്പം ആകാംക്ഷയും ഉയർത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അഞ്ചുതവണ പ്രമാടത്തിന് മുകളിലൂടെ ഹെലികോപ്ടറുകൾ പറന്നത്. പലതവണ പറന്നതോടെ മുതിർന്നവരിൽ ആശങ്കയും കുട്ടികളിൽ ആകാംക്ഷയും ഉയർത്തി.
കുട്ടികൾ ഹെലികോപ്ടറുകൾക്ക് നേരെ കൈവീശിയപ്പോൾ മുതിർന്നവർ, സാധാരണ ഹെലികോപ്ടറുകൾ ലാൻഡ് ചെയ്യുന്ന പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തി കാര്യങ്ങൾ തിരക്കി. എന്നാൽ വ്യക്തമായ ഉത്തരം ലഭിച്ചില്ല. ഇതോടെ പല ഊഹാപോഹങ്ങളും ഉയർന്നു.
ആദ്യതവണ വന്ന ഹെലികോപ്ടർ ഉയർന്ന് പറന്നതിനാൽ ആരും കാര്യമാക്കിയില്ല. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം ശക്തമായതിനാൽ പുതുയുഗ യാത്രയിൽ പങ്കെടുക്കാൻ ജില്ലയിലെത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഹെലികോപ്ടർ മാർഗം പ്രമാടത്ത് ഇറങ്ങിയ ശേഷം പത്തനംതിട്ടയിലേയ്ക്ക് പോകുമെന്നായിരുന്നു ആദ്യ അഭ്യൂഹം. എന്നാലിത് കോൺഗ്രസ് നേതാക്കൾ നിഷേധിച്ചു.
പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാഹുൽ ഗാന്ധിയും ഉൾപ്പടെയുള്ളവർ പലതവണ പ്രമാടത്ത് ഹെലികോപ്ടറിൽ വന്നുപോയിട്ടുണ്ട്. എന്നാൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ തുടർച്ചയായി ഹെലികോപ്ടറുകൾ താഴ്ന്ന് പറക്കാൻ തുടങ്ങിയതാണ് ആശങ്ക സൃഷ്ടിച്ചത്. രണ്ടുമാസം മുമ്പ് ശബരിമല ദർശനത്തിന് എത്തിയ രാഷ്ട്രപതി പ്രമാടത്താണ് ഹെലികോപ്ടറിൽ ഇറങ്ങിയത്. പെട്ടെന്ന് നിർമ്മിച്ച ഹെലിപാഡ് താഴ്ന്നുപോയതും അതിന്റെ നിർമ്മാണ ചെലവും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
കളക്ടറേറ്റിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ ഉപരാഷ്ട്രപതിയുടെ പത്തനാപുരം സന്ദർശനവും ട്രയൽ എയർ റണ്ണും വിശദീകരിച്ചതോടെയാണ് നാട്ടുകാർ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് മടങ്ങാൻ തയ്യാറായത്. ആശങ്ക അകന്നതിനാൽ അവസാനമെത്തിയ ഹെലികോപ്ടറിന് നാട്ടുകാർ സ്നേഹപൂർവം ടാറ്റയും നൽകിയാണ് യാത്രയാക്കിയത്.
പ്രമാടത്ത് ട്രയൽ എയർ റൺ
സൈന്യത്തിന്റെ ഹെലികോപ്ടറാണ് താഴ്ന്ന് പറന്നതെന്ന് വ്യക്തമായതോടെ ആശങ്ക വർദ്ധിച്ചു. ഇതോടെ പലരും പൊലീസിലും സ്പെഷ്യൽ ബ്രാഞ്ചിലും പഞ്ചായത്തിലുമൊക്കെ ഫോണിൽ ബന്ധപ്പെട്ടു. ആദ്യമൊന്നും വ്യക്തമായ വിവരം ലഭിച്ചില്ല. പിന്നീടാണ് ഉപരാഷ്ട്രപതി പത്തനാപുരത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ മാർച്ച് 1ന് എത്തുന്നുണ്ടെന്നും ട്രയൽ എയർ റൺ നടത്തിയതാണെന്നും മനസിലായത്.
Source link



