CINEMA
‘നടൻ അർജുൻദാസിന്റെ കാറിൽ നിന്നും പിടിച്ചെടുത്തത് കോടികൾ, ലിഫ്‌റ്റ് ചോദിച്ച് കയറിയതെന്ന് സഹയാത്രികൻ’

തമിഴ്‌നാട് നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി പരിശോധനകൾ ശക്തമാക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനിടെയാണ് തമിഴ്‌നടൻ അർജുൻ ദാസിന്റെ കാറിൽ നിന്നും ഉദ്യോഗസ്ഥർ വൻതോതിൽ പണം പിടികൂടുന്നതിന്റെ വീഡിയോ വൈറലാകുന്നത്. ചെന്നൈ മംഗളാപുരത്ത് വച്ച് ഫ്ലൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ നടൻ കുടുങ്ങിയതായാണ് വീഡിയോയിൽ സൂചിപ്പിക്കുന്നത്. ഉദ്യോഗസ്ഥർ പണം പിടിച്ചെടുക്കുന്നതും നടനുമായി തർക്കമുണ്ടാകുന്നതും വീഡിയോയിൽ കാണാം. പരിശോധനയ്‌ക്കിടെ കാറിന്റെ ഡിക്കി തുറന്നപ്പോഴാണ് ഒന്നിലധികം ബാഗുകളിൽ നിറച്ച നോട്ടുക്കെട്ടുകൾ കാണുന്നത്. സംഗീതസംവിധായകൻ ഷോൻ റോൾഡൻ ഉൾപ്പെടെ നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഷോൻ റോൾഡൻ സാഹചര്യം വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ തിരഞ്ഞെടുപ്പ് കാലത്ത് ഇത്രയധികം പണം കൈവശം വയ്‌ക്കാൻ പാടില്ലെന്ന് അറിയില്ലേയെന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്. കാറിലുള്ളവർ നടന്മാരാണെന്ന് പറയാൻ ശ്രമിക്കുന്ന സഹപ്രവർത്തകനോട് മുഖ്യമന്ത്രിയായാലും പരിശോധിച്ചിട്ടേ വിടൂവെന്ന് മേലുദ്യോഗസ്ഥ പറയുന്നതും വീഡിയോയിൽ കാണാം. പിൻസീറ്റിലുണ്ടായിരുന്ന ആളോട് സംഭവത്തെപ്പറ്റി ചോദിക്കുമ്പോൾ ലിഫ്‌റ്റ് ചോദിച്ച് കയറിയതാണെന്നാണ് മറുപടി പറയുന്നത്. ഇവർ തങ്ങളുടെ മുഖം ക്യാമറയിൽപ്പെടാതിരിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
Source link


