കാറിനുള്ളിലും ടോയ്ലറ്റ്: വാതുറന്ന് പറഞ്ഞാൽ മാത്രം മതി, സീറ്റിനുപകരം ക്ലോസെറ്റ് പ്രത്യക്ഷപ്പെടും

യാത്രയിലെ ഏറ്റവും വലിയ പ്രശ്നമാണ് ടോയ്ലറ്റിൽപ്പോക്ക്. അതുകൊണ്ടുതന്നെ മിക്ക ആൾക്കാരും തിരഞ്ഞെടുക്കുന്നത് ട്രെയിൻ യാത്രയാണ്. മല, മൂത്ര ശങ്കകൾ പിടിച്ചുവയ്ക്കാതെ ആവശ്യമുള്ളപ്പോൾ ടോയ്ലറ്റിൽ പോകാമല്ലോ. ഇപ്പോൾ ചില ബസുകളിലും ടോയ്ലറ്റ് സൗകര്യമുണ്ട്. പക്ഷേ അത് അത്ര വ്യാപകമല്ല. കാറുകളിലാണ് യാത്രയെങ്കിൽ ശരിക്കും പെട്ടതുതന്നെ. വഴിയിൽ എവിടെയെങ്കിലും ഇറങ്ങി കാര്യം സാധിക്കാമെന്നുവച്ചാൽ ആവശ്യത്തിന് പൊതുടോയ്ലറ്റുകളുമുണ്ടാവില്ല. പിന്നെ ഹോട്ടലുകളോ, പെട്രോൾ പമ്പുകളോ മാത്രമാണ് ആശ്രയം.
ഇനി അക്കാര്യം ഓർത്ത് ആശങ്കപ്പെടേണ്ട. കാറിനുളളിൽ ഘടിപ്പിക്കുന്ന ടോയ്ലറ്റുകൾ രംഗത്തെത്തി എന്നതാണ് പുതിയ വാർത്ത. അതും വോയിസ് കൺട്രോൾ ടോയ്ലറ്റ്. സാങ്കേതിക വിദ്യയുടെ ഉസ്താദുമാരെന്ന് വിശേഷിപ്പിക്കാവുന്ന ചൈനയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിലെ ബുദ്ധികേന്ദ്രം. ചൈനീസ് ഇലക്ട്രിക് വാഹന ഭീമനായ സൈറസാണ് ഇത്തരമൊരാശയം അവതരിപ്പിച്ചത്. ഇതിന് അവർക്ക് പേറ്റന്റും ലഭിച്ചു.
ആരും കാണില്ല, സുഖമായി ഉപയോഗിക്കാം
ടോയ്ലറ്റ് ഉണ്ടെങ്കിലും യാത്രക്കാർ ആരും കാണുകയോ അവർക്ക് ഒരുതരത്തിലുള്ള അസൗകര്യം ഉണ്ടാക്കുകയോ ചെയ്യില്ല. സീറ്റിനടിയിലാണ് ടോയ്ലറ്റ്. ആവശ്യമുള്ളപ്പോൾ വോയിസ് കമാൻഡ് നൽകുകയോ ബട്ടൺ അമർത്തുകയോ ചെയ്യാം. ആ നിമിഷം ടോയ്ലറ്റ് പുറത്തേക്കുവരും. ഉപയോഗിക്കുമ്പോൾ ദുർഗന്ധം ഉണ്ടാവില്ലേ എന്ന സംശയമുണ്ടെങ്കിൽ അതിനും കമ്പനി പരിഹാരം കണ്ടിട്ടുണ്ട്. പ്രത്യേക എക്സ്ഹോസ്റ്റ് ഫാനും പൈപ്പും ഉപയോഗിച്ചാണ് ഈ വലിയ പ്രശ്നത്തിന് പരിഹാരം കണ്ടത്. ദ്രാവകരൂപത്തിലുള്ള വിസർജ്യങ്ങളെ നീരാവിയാക്കിമാറ്റും. അല്ലാതുള്ളവയെ ഉണക്കി സൂക്ഷിക്കും. ടാേയ്ലറ്റ് ടാങ്ക് നിറയുമ്പോൾ വിസർജ്യം പുറത്തേക്ക് മാറ്റാം. ഒപ്പം ടാങ്കും വൃത്തിയാക്കാം. ഉണങ്ങിയ അവസ്ഥയിലായതിനാൽ പരിസരമലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും ഉണ്ടാവില്ല.
വെറും വണ്ടിമാത്രം പോര
പണ്ട് കാർ വാങ്ങണമെങ്കിൽ അതൊരു വലിയ യജ്ഞമായിരുന്നു. കാലം മാറിയതോടെ ആ രീതിയിലും മാറ്റംവന്നു. നിരവധി പുതുപുത്തൻ മാേഡലുകളാണ് ഓരോദിവസവും പുറത്തിറങ്ങുന്നത്. അതിനാൽ വൻ മത്സരമാണ് ഇപ്പോൾ നടക്കുന്നത്. വെറും ഒരു കാർ എന്ന സങ്കല്പം ഇപ്പോൾ പഴങ്കഥയായി. എത്ര കൂടുതൽ ഫീച്ചേഴ്സ് ഉൾക്കൊള്ളിക്കാനാവുമോ അത്രയ്ക്ക് ഉപഭോക്താക്കളും എത്തും. അത് മനസിലാക്കിയാണ് സൈറസ് ടോയ്ലറ്റ് അവതരിപ്പിച്ചത്. മസാജ് സീറ്റുകൾ, ഫ്രിഡ്ജ് തുടങ്ങിയവയൊക്കെ ചൈനീസ് കാറുകളിൽ സർവസാധാരണമാണ്. ഇതിൽനിന്ന് എന്ത് വ്യത്യസ്തമായി ചെയ്യാം എന്ന ആലോചനയാണ് ടോയ്ലറ്റിൽ എത്തിച്ചത്.
ഇപ്പോൾ വാർത്താപ്രാധാന്യം നേടിയെങ്കിലും കാറിലെ ടോയ്ലറ്റ് ആദ്യമായി അവതരിപ്പിച്ചത് സൈറസ് അല്ല. 1950കളിൽ പ്രത്യേക പതിപ്പായി പുറത്തിറങ്ങിയ റാേൾസ് റോയ്സ് സിൽവർ വ്രെയ്ത്തിൽ ടോയ്ലറ്റ് അവതരിപ്പിച്ചിരുന്നു. പാസഞ്ചർ സീറ്റിനടിയിലായിരുന്നു ഇവ പിടിപ്പിച്ചിരുന്നത്. റാേൾസ് റോയ്സ് വാങ്ങുന്നത് സാധാരണക്കാർക്ക് അപ്രാപ്യമാണ്. അതിനാൽ റാേൾസ് റോയ്സിലെ ടോയ്ലറ്റ് ആഡംബരമായിരുന്നു. അന്നത്തെ ആഡംബരം ഇപ്പോൾ സാധാരണക്കാർക്ക് ലഭ്യമാക്കാനുളള ശ്രമത്തിലാണ് സൈറസ്. എന്നാൽ ടോയ്ലറ്റുമായി കാറുകൾ എന്ന് വിപണിയിലെത്തുമെന്നോ അവയ്ക്ക് എത്രരൂപ വിലവരുമെന്നോ വ്യക്തമല്ല. അധികം വൈകാതെതന്നെ ഇത്തരം കാറുകൾ നിരത്തിൽ അരങ്ങുവാഴും എന്നുതന്നെ പ്രതീക്ഷിക്കാം.
Source link


